കൊല്ലം
സാംസ്കാരിക വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുമായി സഹകരിച്ച് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ–-സാംസ്കാരികോത്സവത്തിന് ശനിയാഴ്‌ച തുടക്കം. ഡിസംബർ മൂന്ന് വരെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലാണ് പരിപാടി. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം, ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ, സാഹിത്യചർച്ചകൾ, നാടകങ്ങൾ, കഥ–-കവിത–-കഥാപ്രസംഗ മത്സരം, ചർച്ചകൾ, ദൈവദശകത്തെ ആസ്പദമാക്കി കേരള കലാമണ്ഡലം ഒരുക്കുന്ന നൃത്താവിഷ്കാരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടാകും. സാഹിത്യ–- സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം ശനി പകൽ 10.30ന് ജസ്റ്റിസ് കെ ചന്ദ്രു നിർവഹിക്കും.
ഡിസംബർ ഒന്നിന് വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ ഉദ്ഘാടനംചെയ്യും. ‘ശ്രീനാരായണഗുരു- ദർശനം,- സാഹിത്യം’ വിഷയത്തിൽ സെമിനാർ തെലങ്കാന ഉപമുഖ്യമന്ത്രി മല്ലുഭട്ടി വിക്രമാർക ഉദ്‌ഘാടനംചെയ്യും. പകൽ രണ്ടിന് ജില്ലാ രൂപീകരണത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വംവഹിച്ച ചരിത്രനായകരെ ആദരിക്കുന്ന ചടങ്ങ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. ചലച്ചിത്രോത്സവം ഡിസംബർ ഒന്നിനു രാവിലെ 10ന് സയിദ് അക്തർ മിർസ ഉദ്ഘാടനംചെയ്യും. ഡിസംബർ മൂന്നിന് ‘മാറുന്ന ലോകവും ഇന്ത്യൻ നിലപാടുകളും’ വിഷയത്തിലുള്ള പാനൽ ചർച്ചയിൽ പ്രകാശ് കാരാട്ട് മുഖ്യപ്രഭാഷണം നടത്തും. കൊല്ലത്തിന്റെ 75 വർഷങ്ങൾ അനാച്ഛാദനം ചെയ്യുന്ന കൊല്ലം സ്മൃതി എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനംചെയ്യും. ഡിസംബർ മൂന്നിന് സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..