പുനലൂർ
ഓട്ടോറിക്ഷാ തൊഴിലാളിയായ രാമചന്ദ്രന് സഹപ്രവർത്തകർ നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ പുനലൂർ ടി ബി ജങ്‌ഷനിൽ ചേർന്ന പൊതുയോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ കൈമാറി. ലോകത്തിനു മാതൃകയാണ് ലൈഫ് പദ്ധതിയെന്നും എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുമെന്നും ബാലഗോപാൽ പറഞ്ഞു. വികസിത രാജ്യങ്ങളിൽ വീടില്ലാത്തതിനാൽ ജനങ്ങൾ വഴിയോരങ്ങളിൽ ഉറങ്ങുന്ന സാഹചര്യത്തിലാണ് നമുക്ക് ഇത്രയും മുന്നേറാൻ കഴിഞ്ഞത്. തന്റെ സൗകര്യങ്ങൾ മെച്ചപ്പെടുമ്പോൾ സഹജീവിയുടെ സൗകര്യങ്ങൾ മെച്ചപ്പെടണം എന്ന് ആഗ്രഹിക്കുന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയുള്ളവരാണ് മലയാളികൾ. രാമചന്ദ്രന് വീട് നിർമിച്ചു നൽകുന്നതിന് നേതൃത്വം നൽകിയ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
രാമചന്ദ്രൻ താമസിച്ചുവന്ന പഴയ വീട് 2022ൽ കാറ്റിൽ തെങ്ങ് വീണ് തകർന്നിരുന്നു. വീട് പണിയാൻ മാർഗമില്ലാതെ ബുദ്ധിമുട്ടിയ രാമചന്ദ്രനെ സഹായിക്കാൻ പുനലൂരിലെ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) അംഗങ്ങൾ ഒത്തൊരുമിച്ചു. 2022 നവംബർ 21ന് ഒരു ദിവസം ഓട്ടോ ഓടി സ്വരൂപിച്ച 1.80 ലക്ഷംരൂപ വീട് പണിയാൻ നൽകി. ഹാബിറ്റാറ്റിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീട് നിർമാണം തുടങ്ങി. രണ്ടുദിവസം മുമ്പാണ് എട്ടുലക്ഷത്തോളം രൂപ ചെലവഴിച്ച് വീട് പൂർത്തിയാക്കിയത്.
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് ഒ ജേക്കബ് അധ്യക്ഷനായി. സെക്രട്ടറി അശോക്‌കുമാർ, സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ എം എ രാജഗോപാൽ, എസ് ബിജു, ഏരിയ സെക്രട്ടറി പി സജി, മുനിസിപ്പൽ ചെയർപേഴ്സൺ കെ പുഷ്പലത, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഷാജി, സിഐടിയു ഏരിയ സെക്രട്ടറി എ ആർ കുഞ്ഞുമോൻ, പി വിജയൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുഹമ്മദ് ഫൈസൽ, ആഷിഖ്നൂഹ്, നവീൻലാൽ എന്നിവരെ അനുമോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..