കരുനാഗപ്പള്ളി
നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഓൾ ഇന്ത്യ റേഡിയോ പ്രക്ഷേപണ ചരിത്രത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലാണ് പ്രദര്‍ശനം ഒരുക്കിയത്. തൊടിയൂർ പഞ്ചായത്ത് സെക്രട്ടറിയും എഴുത്തുകാരനുമായ വെള്ളിമൺ ഡമാസ്റ്റൺ സമാഹരിച്ച ചരിത്രരേഖകൾ പുതുതലമുറയ്ക്ക് കൗതുകവും പഴയ തലമുറയ്ക്ക് ഗൃഹാതുരത്വ സ്‌മരണകളും ഉയർത്തുന്നതായി. 1927ൽ പ്രക്ഷേപണം ആരംഭിച്ച ഇന്ത്യൻ റേഡിയോ 1936ൽ അഖിലേന്ത്യ റേഡിയോ ആയും 1957-ൽ ആകാശവാണിയായും രൂപം കൊണ്ടതും ഉൾപ്പെടെയുള്ള ചരിത്രം പ്രദർശനത്തിലുണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്ന ആറ് സ്റ്റേഷനുകളെയും റേഡിയോകൾക്ക് ഉണ്ടായിരുന്ന ലൈസൻസുകളും വാൽവ് റേഡിയോകളും കമ്പിയില്ലാ കമ്പി ടെലഗ്രാമും അതിലെ ഒരു കമ്പി സന്ദേശവും പ്രദർശിപ്പിച്ചിരുന്നു. 1943 മാർച്ച് 12ന് ചിത്തിര തിരുനാൾ ബാലരാമവർമ തിരുവനന്തപുരം സ്റ്റേഷൻ ഉദ്ഘാടനംചെയ്തതും അഞ്ച് കിലോവാട്ട് ശക്തി മാത്രം ഉണ്ടായിരുന്ന മീഡിയം വേവ് ട്രാൻസ്‌മിറ്റർ കുളത്തൂരിൽ സ്ഥാപിച്ചതും നിലയത്തിന്റെ സ്റ്റുഡിയോ പഴയ എംഎൽഎ ക്വാർട്ടേഴ്സിൽ പ്രവർത്തിച്ചിരുന്നതും ആദ്യഘട്ടത്തിലെ രണ്ടു മണിക്കൂർ മാത്രം ഉണ്ടായിരുന്ന പ്രക്ഷേപണ ചരിത്രവുമെല്ലാം വിവരിക്കുന്ന ചിത്രങ്ങളും പ്രദർശനത്തിന്റെ ഭാഗമായിരുന്നു. കൂടാതെ ഡിജിറ്റൽ റേഡിയോ, സാറ്റലൈറ്റ് റേഡിയോ, ഇന്റർനാഷണൽ സ്പേയ്സ് സ്റ്റേഷനിലെ റേഡിയോ സിഗ്നലുകൾ ട്രാക്ക് ചെയ്യുന്ന ആന്റിന ഉൾപ്പെടെയുള്ള പഴയകാല റേഡിയോ, ആകാശവാണിയിൽ റെക്കോർഡിങ്ങിന് ഉപയോഗിച്ചിരുന്ന സ്പൂൾ റെക്കോഡർ, വിദേശ റേഡിയോ ബ്രോഷറുകൾ തുടങ്ങി റേഡിയോ സംപ്രേക്ഷണത്തിന്റെ സമസ്തമേഖലയും പ്രദർശനത്തിലുണ്ടായിരുന്നു. കോളേജ് കാലം മുതൽ റേഡിയോയോട് തോന്നിയ ഇഷ്ടമാണ് ചരിത്രരേഖകൾ സമാഹരിക്കാൻ പ്രേരിപ്പിച്ചതെന്ന് ഡമാസ്റ്റൺ പറയുന്നു. താലൂക്ക് ലൈബ്രറി കൗൺസലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനാണ് ഉദ്ഘാടനംചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..