കൊല്ലം
കൊല്ലം–- -തേനി ദേശീയപാത (183) നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി 3 എ വിജഞാപനത്തിന് മുമ്പുള്ള പരിശോധന ആനയടി വയ്യാങ്കരയിൽനിന്ന് ആരംഭിച്ചു. ഹരിപ്പാട് സ്‌പെഷ്യൽ തഹസിൽദാർ, കൺസൾട്ടന്റ് ഏജൻസി, പിഡബ്ല്യുഡി ദേശീയപാത വിഭാഗം എന്നിവർ സംയുക്തമായാണ് പരിശോധന. തുടർന്ന് കൺസൾട്ടന്റ് ഏജൻസിയുടെ സോഫ്‌റ്റ്‌വെയറിലുള്ള പാതയുടെ ഫീൽഡ് മാപ്പും ഡ്രോയിങ്ങും ഉദ്യോഗസ്ഥസംഘം പരിശോധിച്ചു. ചെങ്ങന്നൂർ ആഞ്ഞിലിമൂടുവരെ ആലപ്പുഴ ജില്ലയിലുള്ള ഭാഗത്താണ് പരിശോധന തുടങ്ങിയത്. ഇത് പൂർത്തീകരിച്ചാൽ കൊല്ലം കടവൂരിൽനിന്ന് വയ്യാങ്കര വരെ പരിശോധന നടത്തും.
ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പർ, വിസ്‌തീർണം, വില്ലേജ് എന്നിവ ഉറപ്പുവരുത്തുകയാണ് 3എ പ്രസിദ്ധീകരിക്കുന്നതിന് ചെയ്യുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടിക്കായി കൊല്ലം ജില്ലയിൽ കൊല്ലം സ്‌പെഷ്യൽ തഹസിൽദാർമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. രണ്ട് ജില്ലകളിൽനിന്ന് 22 ഹെക്‌ടറാണ് ഏറ്റെടുക്കുന്നത്. കൊല്ലം–-തേനി ദേശീയപാത നിർമാണം കൊല്ലം ബൈപാസിൽ കടവൂർ ഒറ്റക്കൽ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂടുവരെ 58 കിലോമീറ്ററാണ്. കടവൂർ, പെരിനാട് ആർഒബി, അഞ്ചാലുംമൂട്, കുണ്ടറ ഇളമ്പള്ളൂർ, ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചാരുംമൂട്, കൊല്ലകടവ് വഴി ചെങ്ങന്നൂർ ആഞ്ഞിലിമൂട്ടിൽ (എംസി റോഡ്) എത്തും. തുടർന്ന് കോട്ടയം, മുണ്ടക്കയം, കുട്ടിക്കാനം, കുമളി, കമ്പം വഴി തേനിയിൽ പാത അവസാനിക്കും. 16 മീറ്റർ വീതിയിലാണ് റോഡുനിർമാണം. 12 മീറ്റർ ടാറിങ്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..