23 November Saturday

ആധുനിക വഴിയോര വിശ്രമകേന്ദ്രം ഉദ്‌ഘാടനത്തിനൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കരുനാഗപ്പള്ളിയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന വഴിയോര വിശ്രമകേന്ദ്രം

 

കരുനാഗപ്പള്ളി
ഇനി മുതൽ നഗരത്തിലേക്ക് എത്തുന്നവർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ബുദ്ധിമുട്ടേണ്ടതില്ല. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ആധുനിക വഴിയോര വിശ്രമകേന്ദ്രം ബുധനാഴ്ച നാടിനു സമർപ്പിക്കും. നഗരഹൃദയത്തിൽ മാർക്കറ്റ് റോഡിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിനോട് ചേർന്നാണ് ‘ടേക്ക് എ ബ്രേക്ക്' പദ്ധതി നടപ്പാക്കിയിരിക്കുന്നത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35ലക്ഷം രൂപ ചെലവഴിച്ചാണ് മുനിസിപ്പാലിറ്റി വഴിയോര വിശ്രമകേന്ദ്രം യാഥാർഥ്യമാക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി രണ്ടുവീതം ശുചിമുറികൾ, ഭിന്നശേഷിക്കാർക്ക് പ്രത്യേകം ശുചിമുറി, രണ്ട് വാഷിങ്‌ ഏരിയകൾ, യൂറിനൽ സൗകര്യം, വിശ്രമമുറി കഫറ്റീരിയ, അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രം, അടുക്കള തുടങ്ങിയ സംവിധാനങ്ങൾ പുതിയ വിശ്രമകേന്ദ്രത്തിലുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനം. ബുധൻ രാവിലെ 10ന് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്യും. നഗരത്തിൽ നേരത്തെ ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടെ ഫലപ്രദമായി പ്രവർത്തിക്കാതെ വന്നതോടെ ടൗണിലേക്ക് ദിവസവും എത്തുന്ന നൂറുകണക്കിന് ആളുകൾക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ ബുദ്ധിമുട്ട് നിലനിന്നിരുന്നു. സൗകര്യങ്ങളുള്ള ഒരു വിശ്രമകേന്ദ്രം സ്ഥാപിക്കണമെന്ന ഏറെനാളായുള്ള ജനങ്ങളുടെ ആവശ്യമാണ് മുനിസിപ്പാലിറ്റി യാഥാർഥ്യമാക്കിയത്. 
പുതിയ ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ പഴയ മുനിസിപ്പൽ ഓഫീസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആധുനിക ബസ് വേയും വിശ്രമ സംവിധാനവും ഒരുക്കുന്നതിന് മുൻ എംപി എ എം ആരിഫിന്റെ ഫണ്ടിൽനിന്നുള്ള തുകയും അനുവദിച്ചിട്ടുണ്ട്. ഇതുകൂടി നിർമാണം പൂർത്തിയായാൽ നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്ക് വിശ്രമസൗകര്യങ്ങൾ ഒരുക്കുന്ന വിപുലമായ സംവിധാനമാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ യാഥാർഥ്യമാകുന്നതെന്ന് ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top