കരുനാഗപ്പള്ളി
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ജില്ലയിലെ രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തായി ഓച്ചിറ ബ്ലോക്ക്. ബ്ലോക്കിന് കീഴിലുള്ള ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, കുലശേഖരപുരം, തഴവ, തൊടിയൂർ പഞ്ചായത്തുകളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു. സ്മാർട്ട് ഫോൺവഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആറു പഞ്ചായത്തിലെ 7843 പേരാണ് ആറുമാസം കൊണ്ട് ഡിജിറ്റൽ സാക്ഷരരായത്. ആലപ്പാട് –- 1437, ക്ലാപ്പന–-155, കുലശേഖരപുരം–-2457, ഓച്ചിറ–- 799, തഴവ –-552, തൊടിയൂർ–- 2443 പേരും ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. കുടുംബശ്രീ, സാക്ഷരതാ പ്രേരക്, ഹരിതകർമസേന അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലും പങ്കാളിത്തത്തിലുമാണ് പദ്ധതി പൂർത്തിയാക്കിയത്. വളന്റിയർമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകി. ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങളുടെ മേൽനോട്ടത്തിൽ എല്ലാ വാർഡിലും പഠനകേന്ദ്രങ്ങളൊരുക്കി. വായനശാലയും തൊഴിലുറപ്പുകേന്ദ്രങ്ങളും ഡിജിറ്റൽ സാക്ഷരതാ പരിശീലന കേന്ദ്രങ്ങളായി.
ബ്ലോക്ക് പഞ്ചായത്ത്അംഗങ്ങൾ, ഡിജിറ്റൽ സാക്ഷരതാ പഠിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എസ് ഗീതാകുമാരി സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തി. സെക്രട്ടറി എം കെ സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..