21 November Thursday

ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ 
യുവതിക്ക്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024
കൊല്ലം
ഭര്‍തൃമാതാവിനെ പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിൽ യുവതിക്ക്‌ ജീവപര്യന്തം കഠിനതടവ്. പുത്തൂർ പൊങ്ങൻപാറയിൽ ആമ്പാടിയിൽ രമണിയമ്മയെ (69) കൊലപ്പെടുത്തിയ കേസില്‍ മരുമകൾ ഗിരിതകുമാരി (45) യെയാണ്‌ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി പി എൻ വിനോദ് ഉത്തരവിട്ടത്‌. 2019 ഡിസംബർ 11നായിരുന്നു കേസിനാസ്‌പദമായ സംഭവം. 
രമണിയമ്മയുടെ ഇളയമകൻ വിമൽകുമാറിന്റെ ഭാര്യയാണ്‌ ഗിരിതകുമാരി. അയൽവാസിയായ രഞ്ജിത്തുമായുള്ള ബന്ധത്തില്‍ ഗിരിതകുമാരിയെ രമണിയമ്മ ശകാരിച്ചിരുന്നു. ഇതിലുള്ള വിരോധമാണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്‌ കേസ്‌. സംഭവദിവസം പകല്‍ 1.30ന്‌ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് പ്രതി മുറ്റത്ത് കിടന്ന പാറക്കല്ല് ബിഗ്‌ഷോപ്പറിലാക്കി കൊണ്ടുവന്ന് മുറിയിൽ ഉറങ്ങുകയായിരുന്ന രമണിയമ്മയുടെ മുഖത്തും തലയിലും ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിവന്ന രമണിയമ്മയുടെ ഭർത്താവ് ചന്ദ്രശേഖരപിള്ളയും മറ്റുള്ളവരുംചേർന്ന് അടുക്കള വാതിൽ ചവിട്ടിത്തുറന്ന് പ്രവേശിച്ചപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാര്യയെയും പ്രതിയെയുമാണ്‌ കണ്ടത്‌. രമണിയമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 
ഒന്നാം സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുമ്പ് മരിച്ചു. അടുത്ത ബന്ധുക്കൾ സാക്ഷിയായ കേസിൽ പ്രതിയുടെ ഭർത്താവ് വിമൽകുമാർ പ്രതിഭാഗത്തേക്ക് കൂറുമാറി. എന്നാൽ, കൊലപാതകശേഷം വിമൽകുമാർ ഭാര്യയിൽനിന്ന് വിവാഹമോചനം നേടുന്നതിനു കുടുംബകോടതിയിൽ കൊടുത്ത കേസിലെ ഹർജികളിൽ പ്രതിക്ക് രഞ്ജിത്തുമായി ബന്ധമുള്ളതായി ആരോപിച്ചത് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. നിർണായകമായ സാഹചര്യത്തെളിവുകളും നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പുത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ട‌ർ എസ്‌ അരുൺ, ശൈലേഷ് കുമാർ, എസ്ഐ രതീഷ്‌കുമാർ എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി മുണ്ടയ്ക്കൽ ഹാജരായി. സിപിഒ ദീപ്‌തി പ്രോസിക്യൂഷൻ സഹായിയായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top