ചവറ
ഓടയ്ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഓട നിർമിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. ചെറിയ ചാറ്റല്‍ മഴയിലും വെള്ളക്കെട്ടായി മാറുന്ന അവസ്ഥയാണ് ചവറ തോട്ടിനു വടക്ക് -പഴഞ്ഞിക്കാവ് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന എസ്എന്‍ഡിപി ഗുരുമന്ദിരം പഴഞ്ഞിക്കാവ് ബാലവാടിയിലേക്ക് പോകുന്ന റോഡ്. റോഡില്‍ വെള്ളക്കെട്ടായതിനാല്‍ ഇതിനു സമീപത്ത് താമസിക്കുന്നവരുടെ അവസ്ഥ ദയനീയമാണ്. വെള്ളംകെട്ടിയ റോഡിലെ കുഴികളില്‍ വീണ് അപകടവും പതിവാണ്. അടുത്തകാലത്ത് ഈ റോഡ് കൂടിച്ചേരുന്ന ചെക്കാട്ട് മുക്ക് വൈങ്ങേലി റോഡിന്റെ നവീകരണം നടന്നശേഷമാണ് വെള്ളക്കെട്ട് രൂക്ഷമായത്. റോഡിനു പടിഞ്ഞാറ് ഭാഗത്തുള്ള ഓടയുമായി ബന്ധിപ്പിച്ച് ഓട നിർമിച്ചാൽ വെള്ളക്കെട്ടിന് പരിഹാരം കാണാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളക്കെട്ട് കാരണം സമീപത്ത് താമസിക്കുന്നവരുടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടയുള്ളവ റോഡിന് അപ്പുറത്തുള്ള വീടുകളിലാണ് പാർക്ക് ചെയ്യുന്നത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്ന റോഡ് നവീകരിച്ച് ഓടയുടെ പണി നടത്തണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിരിക്കുകയാണ് നാട്ടുകാര്‍. ജനപ്രതിനിധികള്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..