24 November Sunday

ഹാലോ..... 
കൗതുകക്കാഴ്ചയായി 
സൂര്യൻ

ഗിരീഷ് മോഹൻUpdated: Sunday Sep 1, 2024

ശനിയാഴ്ച സൂര്യന് ചുറ്റും ദൃശ്യമായ പ്രകാശ വലയം. 
പാമ്പാടിയിൽ നിന്നുള്ള ദൃശ്യം

പാമ്പാടി 
ആകാശത്ത് സൂര്യനു ചുറ്റും പ്രഭാവലയം ദൃശ്യമായി. ശനി രാവിലെ പത്തരയോടെയാണ്‌ പാമ്പാടി, പുതുപ്പള്ളി, മീനടം ഭാഗങ്ങളിൽ ഒരു മണിക്കൂറിലധികം സമയം സൂര്യൻ പ്രഭാവലയത്തിനുള്ളിൽ കാണപ്പെട്ടത്‌. 22 ഡിഗ്രി ഹാലോ എന്ന് ശാസ്ത്രലോകം വിളിക്കുന്ന പ്രതിഭാസമാണിതെന്ന്‌ കരുതുന്നു. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളിലോ, ഈർപ്പകണങ്ങളിലൂടെയോ വെളിച്ചം കടന്നുപോകുമ്പോൾ ഉണ്ടാകുന്ന  ഒപ്റ്റിക്കൽ പ്രതിഭാസമാണ്‌ ഹാലോ. പ്രഭാവലയം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമാണിത്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയില്‍ രൂപപ്പെടുന്ന ഇവയെ 22 ഡിഗ്രി ഹാലോ എന്നും  പറയും. മേഘകണികകളിൽ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശകിരണങ്ങൾ തട്ടുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണിത്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർധിക്കുമ്പോഴും ഇങ്ങനെ ഉണ്ടാകാറുണ്ട്. 
   ഹാലോയുണ്ടെങ്കില്‍ മഴസാധ്യത ഉണ്ടെന്നായിരുന്നു ആദ്യകാലങ്ങളിൽ കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞിരുന്നത്‌. സിറോസ്ട്രാറ്റസ് മേഘങ്ങളുടെ സാന്നിധ്യമാണ് സാധാരണ ഹാലോകള്‍ സൂചിപ്പിക്കുന്നത്. ഈ മേഘങ്ങള്‍ മഴപെയ്യിക്കില്ലെങ്കിലും മഴയ്‌ക്ക് കാരണമാകുന്ന മേഘരൂപീകരണത്തിന് അന്തരീക്ഷത്തിലെ ഈര്‍പ്പക്കൂടുതല്‍ കാരണമാകാറുണ്ട്. ട്രോപോസ്ഫിയറിലെ സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളിലാണ് സാധാരണ ഐസ് പരലുകള്‍ രൂപം കൊള്ളുന്നത്. ഇത് സമുദ്രനിരപ്പില്‍നിന്ന് 5-10 കി.മി ഉയരത്തിലാകും ഉണ്ടാകുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top