പൊൻകുന്നം
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മെഡിക്കൽ വാർഡ് കെട്ടിടത്തിന് മുകളിൽ കയറി പൊലീസ് കസ്‌റ്റഡിയിലെടുത്ത യുവാവിന്റെ പരാക്രമം. അയൽവാസികളായ രണ്ട് സ്ത്രീകളെ മർദ്ദിച്ച കേസിൽ പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്ത കത്തലാങ്കൽപ്പടി സ്വദേശി ഇഞ്ചക്കാട് ജ്യോതിഷ് കുമാറാണ്(43) ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആളുകളെ ഭീതിയിലാഴ്ത്തിയത്. കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. തുടർന്ന് സ്‌റ്റേഷനിൽ എത്തിച്ച് മൊഴിയെടുക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി പറഞ്ഞു. ഉടൻ വീണ്ടും ആശുപത്രിയിലെത്തിച്ചു. .ഇതിനിടെയാണ് പൊലീസിനെ കബളിപ്പിച്ച് ഇയാൾ കെട്ടിടത്തിന് സമീപം ഇരുന്ന ഗോവണി വഴി മുകളിൽ കയറിയത്. തനിയ്ക്കെതിരെയുള്ള പരാതി വ്യാജമാണന്നും കള്ളക്കേസെടുക്കാൻ ശ്രമിക്കുകയാണന്നുമായിരുന്നു ഇയാളുടെ ആക്ഷേപം.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പല തവണ താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ വഴങ്ങിയില്ല. ഗോവണി വഴി തന്നെ കുറെ താഴേയ്ക്കിറങ്ങിയ ശേഷം ഫോൺ ആവശ്യപ്പെട്ടു. ഈ സമയം ഫോൺ നൽകാനെന്ന വ്യാജേന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കയറി ഇയാളെ കീഴ്പ്പെടുത്തി. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സ്ത്രീകളെ മർദ്ദിച്ച സംഭവത്തിൽ
നാട്ടുകാർ ചേർന്നാണ് ഇയാളെ പിടികൂടി ഏൽപിച്ചതെന്നും സ്ത്രീകളുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..