02 October Wednesday

അക്ഷരം മ്യൂസിയത്തിൽ കാരൂർ സ്മരണയും

സ്വന്തം ലേഖകൻUpdated: Tuesday Oct 1, 2024

അക്ഷരം മ്യൂസിയത്തിൽ സ്ഥാപിക്കാൻ എത്തിച്ച കാരൂർ പ്രതിമ മന്ത്രി വി എൻ വാസവൻ സ്വികരിക്കുന്നു. കാരൂരിന്റെ ചെറുമകൻ എൻ രാമചന്ദ്രൻ സമീപം

കോട്ടയം
അക്ഷരനഗരിയുടെ സാംസ്‌കാരിക മുഖമുദ്രയാകുന്ന അക്ഷരം മ്യൂസിയത്തിൽ ഇനി മലയാളത്തിന്റെ പ്രിയ കഥാകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ സ്‌മരണകളും നിറയും. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന കാരൂരിന്റെ അർധകായ പ്രതിമ മ്യുസിയത്തിൽ സ്ഥാപിക്കും. അങ്കമാലി സ്വദേശിയായ ശിൽപ്പി ശ്രീകുമാർ ഉണ്ണികൃഷ്‌ണനാണ്‌ പ്രതിമ നിർമിച്ചത്‌. പ്രൊഫ. എം കെ സാനു, സംഘം പ്രസിഡന്റ്‌ പി കെ ഹരികുമാർ എന്നിവർ ചേർന്ന്‌ പ്രതിമ ഏറ്റുവാങ്ങി. തിങ്കൾ പകൽ 3ന്‌ നാട്ടകത്തെ അക്ഷരം മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ പ്രതിമ സ്വീകരിച്ചു. ബി ശശികുമാർ, കാരൂരിന്റെ ചെറുമകൻ എൻ രാമചന്ദ്രൻ, എസ്‌പിസിഎസ്‌ സെക്രട്ടറി എസ്‌ സന്തോഷ്‌കുമാർ, കൗൺസിലർ ദീപാമോൾ എന്നിവർ സംസാരിച്ചു.
 
കാരൂരിന്റെ 49ാം ഓർമദിനമായ തിങ്കളാഴ്‌ചയാണ്‌ നാട്ടകത്ത്‌ നിത്യസ്‌മാരകം യാഥാർഥ്യമായത്‌. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച കാരൂരിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ‘ബാലചന്ദ്രൻ’ എന്ന കൃതിയുടെ റോയൽറ്റി തുകയും മറ്റ്‌ ജീവനക്കാരുടെയും എഴുത്തുകാരുടെയും സംഭാവന ചേർത്ത്‌ സ്വരൂപിച്ച തുക ഉപയോഗിച്ചാണ്‌ നാട്ടകത്തെ നാലരയേക്കർ സ്ഥലം സംഘം വാങ്ങുന്നത്‌.
 
 
വളരെയധികം സന്തോഷം തോന്നുന്നു
 
വിശപ്പിന്റെയും പട്ടിണിയുടെയും കാലത്ത്‌ എഴുത്തുകൊണ്ട്‌ മാത്രം ഉപജീവനം നടത്തിയ എഴുത്തുകാരെ സംരക്ഷിക്കാനും അവർക്ക്‌ വരുമാനം ഉറപ്പാക്കാനും ഉണ്ടായ സഹകരണ സംഘമാണ്‌ ഇത്‌. കാരൂരും തകഴിയും ഉൾപ്പെടെയുള്ള ആളുകളുടെ പ്രയത്നമാണ്‌ ഇതിന്റെ പിറകിലുളളത്‌. ഇന്ത്യയിൽ എഴുത്തുകാർക്ക്‌ ആദ്യമായി റോയൽറ്റി നൽകിയത്‌ എസ്‌പിസിഎസാണ്‌. അതിന്റെ തുടർച്ച വലിയ ഒരു പ്രസ്ഥാനത്തിലേക്ക്‌ എത്തിയതിൽ ആത്മാഭിമാനവും സന്തോഷവുമുണ്ട്‌. ഇത്‌ എഴുത്തുകാർക്കാകെ പ്രചോദനമാണ്‌. 
 
  എൻ രാമചന്ദ്രൻ
(കാരൂരിന്റെ ചെറുമകൻ, മുൻ ജില്ലാ പൊലീസ്‌ മേധാവി)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top