25 November Monday

ഒരു യാത്ര പോകാം... 
താഴത്തങ്ങാടിയുടെ 
പ്രൗഢിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024
കോട്ടയം
സമീപം തെളിഞ്ഞൊഴുകുന്ന മീനച്ചിലാർ... ചരിത്രം കഥപറയുന്ന നടവഴികൾ.. താഴത്തങ്ങാടിയിലൂടെയുള്ള ഓരോ യാത്രകൾക്കും പറയാനുള്ളത്‌ പുതിയ അനുഭവങ്ങളാണ്‌... അക്ഷരനഗരിയുടെ പൈതൃക ടൂറിസത്തിന്‌ പ്രൗഢിയേകുന്ന ഇവിടം യാത്രികർക്ക്‌ സമ്മാനിക്കുന്നത് കാഴ്ചകളുടെ, അറിവുകളുടെ പുതിയ വിസ്‌മയങ്ങളാണ്‌. ‘1000 വർഷങ്ങൾ പഴക്കമുള്ള താഴത്തങ്ങാടി ജുമാ മസ്‌ജിദ്‌, എഡി 1550ൽ സ്ഥാപിതമായ കോട്ടയം വലിയ പള്ളി, എ ഡി 1579ൽ സ്ഥാപിതമായ കോട്ടയം ചെറിയ പള്ളി, കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യത്തോടെ പരാമർശിക്കുന്ന തളിയിൽ മഹാദേവ ക്ഷേത്രം, ജലഗതാഗതമാർഗം വഴി വാണിജ്യ ഇടപാടുകൾ നടത്തിയിരുന്ന കുളപ്പുര കടവ്‌... ’–-  പൈതൃക സമ്പത്തുകൊണ്ട്‌ അനുഗ്രഹീതമായ താഴത്തങ്ങാടി ജില്ലയുടെ പൈതൃക ടൂറിസത്തിന്‌ പുതിയ സാധ്യതകളാണ്‌ തുറക്കുന്നത്‌.  
പുരാതനശൈലിയിൽ തീർത്ത കരകൗശലപ്പണികൾ, ചുവർ ചിത്രങ്ങളും അപൂർവ കുരിശുകൾ തുടങ്ങി മനസ്‌ നിറയ്‌ക്കുന്ന നിരവധി കാഴ്ചകളാണ്‌ സഞ്ചാരികൾക്കായി ഇവിടം കാത്തുവച്ചിരിക്കുന്നത്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകളും പ്രദേശത്തിന്‌ ദൃശ്യവിസ്‌മയങ്ങൾ സമ്മാനിക്കുന്നു. തെക്കുംകൂർ ഭരണത്തിന്റെ കേന്ദ്രമായിരുന്ന തളിയിൽ കോട്ടയുടെ ഭാഗങ്ങൾ ഈ വീടുകളുടെ നിർമാണത്തിന്‌ ഉപയോഗിച്ചിട്ടുണ്ടാകാം എന്നാണ്‌ ചരിത്രകാരൻമാരുടെ അഭിപ്രായം. കൂടാതെ കേരളത്തിലെ പുരാതന കലാലയങ്ങളിലൊന്നായ സിഎംഎസ്‌ കോളേജ്‌, ആദ്യത്തെ അച്ചടി പ്രസ്‌ ആയ ബെഞ്ചമിൻ ബെയ്‌ലി പ്രസ്‌ എന്നിവയും സമീപപ്രദേശങ്ങളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇതുകൊണ്ടു തന്നെ പൈതൃക ടൂറിസം മാപ്പിൽ എന്തുകൊണ്ട്‌ താഴത്തങ്ങാടി ഇടം നേടണം എന്ന ചോദ്യത്തിന്‌ ഉത്തരമാകുന്നു. 123 വർഷമായി നടക്കുന്ന താഴത്തങ്ങാടി ജലോത്സവവും പ്രദേശത്തിന്റെ ടൂറിസം സാധ്യകൾക്ക്‌ അനന്തസാധ്യതകളാണ്‌ നൽകുന്നത്‌. 
മീനച്ചിലാറിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന പൈതൃക സമ്പത്തുകളെയും ടൂറിസം സാധ്യതകളെയും കോർത്തിണക്കി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നാണ്‌ നാടിന്റെ ആവശ്യം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top