മണർകാട്
ആഗോള മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. തിങ്കൾ പകൽ രണ്ടിന് കൊടിമരഘോഷയാത്ര കത്തീഡ്രലിൽനിന്ന് പുറപ്പെട്ട് പറമ്പുകരയിൽ മരവത്ത് എം എം ജോസഫിന്റെ ഭവനാങ്കണത്തിൽ എത്തിച്ചേർന്നു. വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിച്ചു. തൂത്തൂട്ടി, താന്നിക്കപ്പടി, അമയന്നൂർ, ഒറവയ്ക്കൽ, മാലം, കാവുംപടി വഴി ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. കൊടിമര ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസിന്റെ കാർമികത്വത്തിൽ കൊടിമരം ഉയർത്തി. പ്രോഗ്രാം കോഓർഡിനേറ്റർ കെ കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്തും ഫാ. കുറിയാക്കോസ് കാലായിൽ, ഫാ. ലിറ്റു തണ്ടാശ്ശേരി, ഫാ. ഏബ്രഹാം കരിമ്പന്നൂർ എന്നിവർ സഹകാർമികരായി. തുടർന്ന് കാരോട്ടെ പള്ളിയിലെ കൊടിമരത്തിൽ എം ഐ തോമസ് മറ്റത്തിൽ കൊടിയേറ്റി. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നെയ്യപ്പം നേർച്ചയായി വിതരണംചെയ്തു. കത്തീഡ്രലിന്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയാം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2025ലെ കലണ്ടർ തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത സേവകാസംഘം പ്രസിഡന്റ് കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്തിന് നൽകി പ്രകാശിപ്പിച്ചു. നേർച്ചക്കഞ്ഞി തോമസ് മോർ തിമോത്തിയോസ് ആശീർവദിച്ചു. ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. മാത്യൂസ് തോക്കുപാറ എന്നിവർ സംസാരിച്ചു. ഫാ യൂഹാനോൻ വേലിക്കകത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് ധ്യാന ശുശ്രൂഷയും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..