02 October Wednesday

"ഇവിടെയുണ്ട്‌ ആദ്യമെഴുതിയ പ്രണയം'

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

അക്ഷരം മ്യൂസിയത്തിൽ ഒരുക്കിയ ‘ജോഗിമാരാ’ ഗുഹയുടെ മാതൃക

കോട്ടയം
‘പ്രണയലേഖനം എങ്ങിനെയെഴുതണം മുനികുമാരികയല്ലേ ഞാനൊരു മുനികുമാരികയല്ലേ’ വയലാറിന്റെ ഈ വരികൾ ഒരിക്കലെങ്കിലും പാടാത്ത മലയാളികളുണ്ടോ? നമ്മുടെ ഓർമകളിലെവിടെയെങ്കിലും പ്രണയത്തിനും സ്ഥാനമുണ്ട്‌. ലോകത്താദ്യമായി ആരായിരിക്കും ഒരു പ്രണയലേഖനമെഴുതിയിട്ടുണ്ടാവുക? ആർക്കുവേണ്ടിയാകും എഴുതിയിട്ടുണ്ടാവുക? ആ കഥയെന്താണെന്നറിയാൻ പ്രണയലേഖനങ്ങൾ പഴങ്കഥകളായ, റീൽസും ചാറ്റിങും, കൊളാബും  അരങ്ങുവാഴുന്ന ഇക്കാലത്തും നമുക്ക്‌ ഒരു പ്രത്യേക ആകാംഷയില്ലേ?. 
    ഈ ചോദ്യങ്ങൾക്കെല്ലാം കോട്ടയത്ത്‌ ആരംഭിക്കുന്ന അക്ഷരം മ്യൂസിയം മറുപടി നൽകും. ഛത്തീസ്‌ഗഡിൽ കണ്ടെടുക്കപ്പെട്ട ‘ജോഗിമാരാ’ ഗുഹകളിലെ ശിലാലിഖിതത്തിലാണ്‌ ലോകത്താദ്യം പ്രണയം എഴുതപ്പെട്ടതെന്നു കരുതുന്നു. ഈ ജോഗിമാരാ ഗുഹകളുടെ മാതൃകാ രൂപം ഉൾപ്പെടെ ഭാഷയുടെ ഉൽപ്പത്തികാലം മുതൽ ഇന്നോളമുള്ള സകല വികാസ പരിണാമങ്ങളുടെയും സൂക്ഷ്‌മമായ ഏടുകളടക്കം അറിവിന്റെ വിസ്‌മയലോകമാണ്‌ അക്ഷരം മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്‌. 6500   ഭാഷകൾ ഇവിടെ ഡോക്യുമെന്റ്‌ ചെയ്‌തിട്ടുണ്ട്‌.  ഇന്ത്യയിൽ ഇതുവരെ ചെയ്‌തിട്ടുള്ളതിൽ ഏറ്റവും വലിയ ഡോക്യുമെന്റേഷൻ കൂടിയാണ്‌. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപകരും പ്രമുഖ എഴുത്തുകാരുമായ തകഴി, കാരൂർ, ബഷീർ, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ ഹോളോഗ്രാമും   ഒരുക്കിയിട്ടുണ്ട്‌. തങ്ങളുടെ കഥകൾ സന്ദർശകരോട്‌ പറയുന്ന തരത്തിലാണ്‌ ഇവയുള്ളത്‌. ഇതിനു പുറമേ ഗോത്രഭാഷകളെയും മ്യൂസിയത്തിൽ രേഖപ്പെടുത്തി. പ്രാചീന ലിപികളുടെ മാതൃകകൾ, ആന്ധ്രയിലും ഗുജറാത്തിലും മെസപ്പൊട്ടോമിയയിലും മറ്റും ശിലായുഗ അവശിഷ്‌ടങ്ങളായ എഴുത്തുകാരുടെ പ്രതിമകൾ, എഴുത്തുകാരുടെ അപൂർവ ചിത്രങ്ങൾ, ഭാഷയുടെ വികാസപരിണാമങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഗ്യാലറികൾ, പഴയകാല പുസ്‌തകങ്ങൾ, കേരളത്തിലെ അക്ഷരത്തിന്റെ പരിണാമ രീതികൾ, മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങൾ തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ്‌ ആദ്യഘട്ടത്തിൽ മ്യുസിയത്തിലുള്ളത്‌. 
  അച്ചടിയുടെ പാരമ്പര്യം സൂക്ഷിക്കുന്ന കോട്ടയത്തെ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുള്ള ലെറ്റർ ടൂറിസം, ബുക്ക്‌ ഷോപ്പ്‌ കഫേറ്റീരിയ, മലയാള സാഹിത്യത്തിന്റെ വളർച്ച വിവരിക്കുന്ന ഗ്യാലറികൾ തുടങ്ങിയവ രണ്ടാംഘട്ട പ്രവർത്തനങ്ങളായി ഉണ്ടാകും. സഹകരണ വകുപ്പാണ്‌ നാട്ടകത്തെ നാലരയേക്കറിൽ മ്യൂസിയം ഒരുക്കിയത്‌. സാഹിത്യപ്രവർത്തക സഹകരണസംഘത്തിനാണ്‌ മ്യൂസിയത്തിന്റെ പ്രവർത്തന ചുമതല.  മുഖ്യമന്ത്രി പിണറായി വിജയൻ 19ന്‌ മ്യൂസിയം നാടിന്‌ സമർപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top