കുമരകം
മാലിന്യനിർമാർജനം ഒരു സംസ്‌കാരമാണെന്നും കുട്ടികളിലൂടെ ആ സംസ്‌കാരം വളർത്തിയെടുക്കണമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. സംസ്ഥാനത്താകെ ആരംഭിച്ച മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കുമരകം വള്ളാറപ്പള്ളി ഓഡിറ്റോറിയത്തിൽ നടത്തുകയായിരുന്നു അദ്ദേഹം.
കുമരകം പഞ്ചായത്തിന്റെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തു തന്നെ ആദ്യമായാണ് ഒരു പഞ്ചായത്ത് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കുന്നതെന്നും ഇക്കാര്യത്തിലും നമ്മൾ ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു. മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ ഏറ്റുമാനൂർ മണ്ഡലം പശ്ചാത്തലസൗകര്യ വികസനത്തിൽ ഒരുപാട് മുന്നേറി. മാലിന്യമുക്തം നവകേരളം പരിപാടിയിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഒന്നാമതെത്തുന്ന പഞ്ചായത്തിന് ഒരു ലക്ഷം രൂപയും വാർഡിന് 50,000 രൂപയും എംഎൽഎ ഫണ്ടിൽനിന്ന് സമ്മാനമായി നൽകും. ജനകീയ ക്യാമ്പയിൽ പൂർത്തിയാകുന്ന 2025 മാർച്ചിൽ വിധി നിർണയം നടത്തി ഏപ്രിലിൽ തന്നെ പുരസ്‌കാരം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി. കെ ഫ്രാൻസിസ് ജോർജ് എംപി വിശിഷ്ടാതിഥിയായി. കലക്ടർ ജോൺ വി സാമുവൽ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലെമെന്റ് ക്യാമ്പയിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി കെ ജോഷി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കവിതാ ലാലു, കുമരകം പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആർഷ ബൈജു, കുമരകം പഞ്ചായത്ത് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി എ അമാനത്ത്, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, കുടുംബശ്രീ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..