19 November Tuesday

മനംനിറയ്‌ക്കും
ചേലാണ് ചോലത്തടം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

ചോലത്തടത്തെ വെള്ളച്ചാട്ടങ്ങളിൽ ഒന്ന്

 കൂട്ടിക്കൽ

വളവുകളും കയറ്റവും ഇറക്കവും വശ്യമനോഹരമായ കാഴ്‌ചകളുമുള്ള ഒരു മലയോരപാത. ആ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങുമ്പോഴേ വെള്ളച്ചാട്ടങ്ങൾ, ഒന്നോ രണ്ടോ അല്ല നിരനിരയായി അഞ്ചെണ്ണം. അതേ, ഒറ്റ കാഴ്‌ചയിൽതന്നെ ആരുടെയും മനംകവരുന്ന വിരുന്നൊരുക്കുകയാണ്‌ ചോലത്തടത്തിലെ വെള്ളച്ചാട്ടങ്ങൾ.
  ചോലത്തടം –- കൂട്ടിക്കൽ റോഡിൽ ചോലത്തടത്ത്‌ ഒരു കിലോമീറ്ററിനുള്ളിൽ അടുത്തടുത്ത്‌ നിൽക്കുന്ന അഞ്ച്‌ വെള്ളച്ചാട്ടങ്ങളാണ്‌ സമാനതകളില്ലാത്ത അനുഭൂതി ഒരുക്കുന്നത്‌. രണ്ട്‌ വലിയ വെള്ളച്ചാട്ടങ്ങളും ചെറിയ മൂന്ന്‌ നീർച്ചാലുകളാണ്‌ ഇവിടെയുള്ളത്‌. ഇതിനൊപ്പം അതിമനോഹരമായ താഴ്‌വരയുടെ ദൃശ്യങ്ങൾ ഒരുക്കുന്ന കാവാലി വ്യൂ പോയിന്റും ഇതേവഴിയിൽ തന്നെയാണ്‌. അവിടെനിന്നുള്ള കാഴ്‌ച പറഞ്ഞറിയിക്കാൻ കഴിയുന്നതിലേറെ മനോഹരമാണ്‌. ചെറുകാറ്റും ചിലസമയത്തുള്ള കോടയും കൂടിയാകുമ്പോൾ സഞ്ചാരികളുടെ മനംകവരുന്ന പറുദീസയായി ഇവിടംമാറും. ഇരുചക്രവാഹനങ്ങളിലും മറ്റും റൈഡിന്‌ പോകാൻ വ്യത്യസ്‌തമായ സ്ഥലങ്ങൾ അന്വേഷിക്കുന്നവർക്കും പറ്റിയവഴി തന്നെയാണിത്‌. 
റൈഡേഴ്‌സ്‌ ഉൾപ്പെടെയുള്ള ധാരാളം ആളുകൾ ഈ വെള്ളചാട്ടങ്ങളും വ്യൂപോയിന്റും കാണാനായി ഇവിടേക്ക്‌ എത്താറുണ്ട്‌. ധാരാളം സഞ്ചാരികൾ എത്തുന്ന അരുവിക്കച്ചാൽ വെള്ളച്ചാട്ടവും വനസ്ഥലി ബൊട്ടാണിക്കൽ ഗാർഡനും ഇതിനടുത്ത്‌ തന്നെയാണ്. അവിടേക്കെത്തുന്ന ആളുകളും ഇവിടെ വരാറുണ്ട്‌. പൂഞ്ഞാർ – -മുണ്ടക്കയം റോഡിൽ ചോലത്തടം വടയത്ത്‌ ജങ്‌ഷനിൽനിന്ന്‌ ചോലത്തടം –- കൂട്ടിക്കൽ റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താനാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top