കോട്ടയം
സംസ്ഥാന സ്കൂൾ കായികമേളയിലെ കിരീടജേതാക്കൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുമായി വന്ന വാഹനജാഥയ്ക്ക് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ കോട്ടയത്ത് വൻ വരവേൽപ്പ്. നാലുമുതൽ 11വരെ എറണാകുളത്ത് നടക്കുന്ന കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് നൽകാനുള്ള എവർറോളിങ് ട്രോഫിയുമായുള്ള ജാഥയ്ക്ക് കോട്ടയം എംടി സെമിനാരി സ്കൂളിലാണ് സ്വീകരണമൊരുക്കിയത്.
കോട്ടയം സെന്റ് ജോസഫ്സ് സ്കൂൾ പരിസരത്തുനിന്ന് ബാൻഡുമേളത്തിന്റെയും കളരി അഭ്യാസ പ്രകടനങ്ങളുടെയും അകമ്പടിയോടെ എംടി സെമിനാരി സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. സ്വീകരണയോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. കായികരംഗത്തിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ് ഓരോ കായികമേളയ്ക്കും വിദ്യാർഥി സമൂഹം നൽകുന്ന പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി. മേളയിൽ പങ്കെടുക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ജഴ്സി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ പ്രകാശിപ്പിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന 125 കുട്ടികളടക്കം 1385 കുട്ടികളാണ് സംസ്ഥാന കായികമേളയിൽ ജില്ലയിൽനിന്ന് പങ്കെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..