22 November Friday

മെഡി. കോളേജിന്‌ മുന്നിലെ പ്രധാനറോഡ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കോട്ടയം മെഡിക്കല്‍ കോളേജ് അടിപ്പാതയുടെ നിർമാണ പുരോഗതി മന്ത്രി വി എൻ വാസവൻ വിലയിരുത്തുന്നു

ഏറ്റുമാനൂർ
ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി അടച്ച മെഡിക്കല്‍ കോളേജ് ആശുപത്രിക്ക്‌ മുമ്പിലെ പ്രധാനറോഡ് ഗതാഗതത്തിന്‌ തുറന്നുകൊടുത്തു. അടിപ്പാതയുടെ കോണ്‍ക്രീറ്റിങ്‌ ജോലി പൂര്‍ത്തിയായതിനെ തുടർന്നാണ് റോഡ് തുറന്നത്. അടിപ്പാതയുടെ ഇരുവശവും നികത്തി മുകളില്‍ സോളിങ് നടത്തി ഉറപ്പിച്ചു. മഴ മാറിയശേഷം ടാറിങ് നടത്തും. റോഡ് അടച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റാൻഡ് വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നത്. ഭൂഗർഭപാതയുടെ നിർമാണം അവസാനഘട്ടത്തിലാണ്‌. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അടിപ്പാത നിർമിക്കാൻ നടപടി സ്വീകരിച്ചത്. 1.30 കോടി ചെലവിൽ 18.57 മീറ്റര്‍ നീളത്തിലും അഞ്ചുമീറ്റര്‍ വീതിയിലും മൂന്നരമീറ്റര്‍ ഉയരത്തിലും നിർമിക്കുന്ന അടിപ്പാതയില്‍ ടൈലുകള്‍ പാകൽ, വൈദ്യുതീകരണം, പെയിന്റിങ്‌, സീലിങ് തുടങ്ങിയ പ്രവർത്തികളാണ്‌ പുരോഗമിക്കുന്നത്‌. മന്ത്രി വി എന്‍ വാസവന്‍ നിര്‍മാണ പുരോഗതി വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോസ് രാജൻ, എഎക്‌സ്‌ഇ വിമൽ, അസിസ്‌റ്റന്റ്‌ എൻജിനിയർ ആർ രൂപേഷ്‌, ഡിസിഎച്ച് വൈസ് പ്രസിഡന്റ്‌ കെ എന്‍ വേണുഗോപാൽ, ആർപ്പൂക്കര സർവീസ് സഹ. ബാങ്ക് പ്രസിഡന്റ്‌ കെ കെ ഹരിക്കുട്ടൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top