പാലാ
ജില്ലാ അത്‌ലറ്റിക് മത്സരങ്ങൾ പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ആരംഭിച്ചു. 14, 16, 18, 20 വയസിൽ താഴെയുള്ള ജൂനിയർ വിഭാഗത്തിലും പുരുഷ, വനിതാ വിഭാഗങ്ങളിലും പോയിന്റ് നിലയിൽ മുന്നിലെത്തിയ നിലവിലെ ചാമ്പ്യന്മാരായ പാലാ അൽഫോൻസാ അത്‌ലറ്റിക് അക്കാദമിയാണ് ആദ്യദിനത്തിൽ മുന്നിൽ. ജൂനിയർ വിഭാഗത്തിൽ 227.5 പോയിന്റും പുരുഷ, വനിതാ വിഭാഗങ്ങൾ ഉൾപ്പെട്ട സീനിയർ വിഭാഗത്തിൽ 142 പോയിന്റും വീതമാണ് അൽഫോൻസയുടെ നേട്ടം. സീനിയർ വിഭാഗത്തിൽ അൽഫോൻസാ അത്‌ലറ്റിക് അക്കാദമിക്ക് പുരുഷൻ 25ഉം വനിത വിഭാഗത്തിൽ 107ഉം വീതം പോയിന്റുണ്ട്. 14 വയസിൽ താഴെ ആൺ, പെൺ വിഭാഗങ്ങളിൽ അഞ്ച് വീതവും 16 വയസിൽ താഴെ ആൺ 9.5, പെൺ അഞ്ച്, 18 വയസിൽ താഴെ ആൺ 42, പെൺ 45, 20 വയസിൽ താഴെ ആൺ 20, പെൺ 96 വീതം പോയിന്റും ലഭിച്ചിട്ടുണ്ട്. മേളയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പ്രത്യേകമായാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്.
ജൂനിയർ വിഭാഗത്തിൽ 106 പോയിന്റ് ലഭിച്ച പൂഞ്ഞാർ എസ്‌എംവി എച്ച്‌എസ്‌എസാണ് രണ്ടാം സ്ഥാനത്ത്. 48 പോയിന്റുമായി ചങ്ങനാശേരി എസ്‌ബി കോളേജാണ് മൂന്നാമത്. 20 വയസ് പെൺകുട്ടികളുടെ വിഭാഗത്തിൽ മാത്രമായി 45 പോയിന്റ് ലഭിച്ച ചങ്ങനാശേരി അസംപ്‌ഷൻ കോളേജും 20 വയസ് ആൺകുട്ടികളുടെ വിഭാഗത്തിൽ 40 പോയിന്റ് ലഭിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനികിസ് കോളേജുമാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ.
സീനിയർ വിഭാഗത്തിൽ 107 പോയിന്റുമായി ചങ്ങനാശേരി അസംപ്‌ഷൻ കോളേജാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് 98 പോയിന്റുമായി ചങ്ങനാശേരി എസ്‌ബി കോളേജാണ്. പുരുഷ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് (42 പോയിന്റ്), പാലാ സെന്റ് തോമസ് കോളേജ് (11 പോയിന്റ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. മാണി സി കാപ്പൻ എംഎൽഎ മേള ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷനായി. മേള വെള്ളിയാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..