എരുമേലി
മണ്ഡല മകരവിളക്ക് കാലത്ത് എരുമേലിയിലെ ശൗചാലയ മാലിന്യസംസ്കരണത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനം. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കുമരകം, മഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിലവിലുള്ള മൊബൈൽ സംവിധാനമാണ് ആലോചിക്കുന്നത്. ഇതിൽ കുമരകത്തുപയോഗിക്കുന്ന യൂണിറ്റ് ഏറ്റുമാനൂരിൽ ഉപയോഗിക്കാനും മഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഉള്ള യൂണിറ്റ് എരുമേലിയിൽ എത്തിക്കാനുമാണ് ആലോചന.
മൂന്നു യൂണിറ്റുകളെങ്കിലും എരുമേലിയിൽ വേണമെന്നതാണ് നിലവിലെ സാഹചര്യം. ഒരു തവണ ഒരു യൂണിറ്റിന് 6000 ലിറ്റർ മാലിന്യം സംസ്കരിക്കാനാവും. എരുമേലിയിൽ ഇത് 24 മണിക്കൂറും പ്രവർത്തിപ്പിക്കേണ്ടതായി വരും. ഇവ സ്ഥാപിക്കുന്നതിനുള്ള അന്തിമ തീരുമാനം അഞ്ചിന് ചേരുന്നയോഗത്തിൽ ഉണ്ടാകും.
കച്ചവടസ്ഥാപനങ്ങളിൽ ജൈവ/അജൈവ മാലിന്യങ്ങൾ വേർതിരിച്ചുവേണം സംഭരിക്കാൻ. പഞ്ചായത്ത് നൽകുന്ന ലൈസൻസിൽ ഇവ ചേർക്കണം. ശൗചാലയങ്ങളിലെ നിരക്ക് സംബന്ധിച്ച് തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് പഞ്ചായത്ത് ഉറപ്പാക്കണം. നിരക്ക് സംബന്ധിച്ചുള്ള ബോർഡുകളിൽ പരാതി അറിയിക്കാനുള്ള ഫോൺ നമ്പരുകൾ നിർബന്ധമാക്കണം.
കടവുകളിൽനിന്നുള്ള വസ്ത്രങ്ങൾ ശേഖരിക്കുന്നവരെ ശുചിത്വ മിഷൻ ദേവസ്വം ബോർഡിന് ബന്ധപ്പെടുത്തി നൽകും.
ശൗചാലയ മാലിന്യ സംസ്കരണരീതി ഭൗമ എൻവിയറോ ടെക് സ്ഥാപനം വിശദീകരിച്ചു.
യോഗത്തിൽ ജോയിന്റ് ഡയറക്ടർ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ, പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ, ജമാ അത്ത് പ്രതിനിധി, വ്യാപാരി വ്യവസായി, റസ്റ്ററന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..