കോട്ടയം
ഡിസംബറിലെ ആദ്യ മൂന്നുദിവസം ജില്ലയിൽ പെയ്‌ത കനത്ത മഴയിൽ നശിച്ചത് 1,000 ഹെക്ടർ കൃഷി. ഇതിൽ 618 ഹെക്ടറിലുള്ളത് നെൽകൃഷിയാണ്. വിത്ത് വിതച്ച് ദിവസങ്ങൾ മാത്രമായതും കൊയ്‌ത്ത് നടക്കുന്നതുമെല്ലാം ഇതിൽപെടും. പെരുമഴയിൽ വെള്ളം കയറിയും മടവീണുമാണ് നെൽകൃഷി നശിച്ചത്. പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകർക്ക് ഓർക്കാപ്പുറത്തുള്ള അടിയായിരുന്നു മഴ.
315 ഹെക്ടർ വിതച്ച പാടവും 303 ഹെക്ടർ കൊയ്‌ത്ത് നടക്കുന്ന പാടവുമാണ് നശിച്ചത്. നാല് ഹെക്ടർ പച്ചക്കറികൃഷി, 5.5 ഹെക്ടർ വാഴകൃഷി എന്നിവയും നശിച്ചവയിൽപെടുന്നു. ജില്ലാ കൃഷി ഓഫീസ് നടത്തിയ പ്രാഥമിക വിവരശേഖരണത്തിലെ കണക്കാണിത്. കൂടുതൽ നെൽകൃഷി നശിച്ചത് കല്ലറയിലും ചങ്ങനാശേരി താലൂക്കിലെ കുറിച്ചി, മാടപ്പള്ളി പ്രദേശങ്ങളിലുമാണ്. അയ്‌മനം, തിരുവാർപ്പ്, കുമരകം, വൈക്കം എന്നിവിടങ്ങളിലെല്ലാം വലിയതോതിൽ നെൽകൃഷിക്ക് നാശമുണ്ടായി. മാഞ്ഞൂരിൽ 100 ഹെക്ടർ വിതച്ച പാടം വെള്ളംകയറി നശിച്ചു. പാടങ്ങളിൽനിന്ന് വെള്ളം ഒഴുക്കിക്കളയാനുള്ള നടപടികൾ പാടശേഖരസമിതികളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഈ പാടങ്ങളിൽ കൃഷിയിറക്കാൻ ഇനിയും സമയമെടുക്കും.
കൃഷിനാശത്തിന്റെ കണക്ക് അന്നന്നുതന്നെ കൃഷി ഓഫീസർമാർ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അർഹരായവർക്ക് നഷ്ടപരിഹാരം ലഭിക്കും. വിതച്ച പാടം നശിച്ചവർക്ക് കൃഷിവകുപ്പ് പുതിയ നെൽവിത്ത് നൽകും. മടവീഴ്‌ചയാണ് പലയിടത്തും വില്ലനായത്. മുടിയൂർക്കരയിൽ 32 ഏക്കറും മള്ളൂശ്ശേരിയിൽ 65 ഏക്കറും നെൽപാടം മടവീണ് വെള്ളംകയറി നശിച്ചു. കൊല്ലാട് കിഴക്കുംപുറം –- വടക്കുംപുറം പാടശേഖരത്തിൽ മട തകർന്ന് 210 ഏക്കർ കൃഷി നശിച്ചിരുന്നു. വിതച്ചിട്ട് 13 ദിവസമേ ആയിരുന്നുള്ളൂ.
വെള്ളം ഇറങ്ങിയ ശേഷം പാടങ്ങൾ വീണ്ടും സന്ദർശിച്ച് അന്തിമമായ നഷ്ടക്കണക്ക് തയ്യാറാക്കുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..