22 November Friday

ജലമേളയുടെആരവത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2024
കോട്ടയം
പടിഞ്ഞാറൻ മേഖല വീണ്ടും ജലമേളയുടെ ആരവങ്ങളിലേക്ക്‌. താഴത്തങ്ങാടി മീനച്ചിലാറ്റിലെ ജലമേള 16ന്‌ നടത്തും. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ്‌(സിബിഎൽ) ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ താഴത്തങ്ങാടി ജലമേളയും മാറ്റിവച്ചിരുന്നു. സിബിഎൽ നടത്താൻ സർക്കാർ തീരുമാനിച്ചതോടെ താഴത്തങ്ങാടി ഉണർന്നു. മുമ്പ്‌ നിർത്തിവച്ച രജിസ്‌ട്രേഷൻ ഇപ്പോൾ പുനരാരംഭിച്ചു.
  കോട്ടയത്തെ ഏറ്റവും പഴക്കമേറിയതും പ്രൗഢവുമായ ജലോത്സവമാണ്‌ താഴത്തങ്ങാടി വള്ളംകളി. വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 10ന്‌ അവസാനിക്കും. നെഹ്രു ട്രോഫിയിൽ ചാമ്പ്യൻപട്ടം നഷ്‌ടമായതിന്റെ കുറവ്‌ താഴത്തങ്ങാടിയിൽ പരിഹരിക്കാനാണ്‌ ജില്ലയിലെ ചുണ്ടൻവള്ളങ്ങൾ ഒരുങ്ങുന്നത്‌. 
  പതിനാറിന്‌ പകൽ രണ്ടിന്‌ മത്സരങ്ങൾ ആരംഭിക്കും. സിബിഎല്ലിന്റെ ഉദ്‌ഘാടനവും  ഇതോടൊപ്പം നടക്കും. ആദ്യം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സാണ്‌ നടക്കുക. തുടർന്ന്‌ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ്‌, ചെറുവള്ളങ്ങളുടെ ഫൈനൽ, ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ എന്നിങ്ങനെയാണ്‌ ക്രമം. ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്താൻ കലക്ടർ, ജില്ലാ പൊലീസ്‌ മേധാവി, ഫയർഫോഴ്‌സ്‌, ആരോഗ്യവകുപ്പ്‌, ജലസേചനവകുപ്പ്‌ അധികൃതർ എന്നിവർ പങ്കെടുക്കുന്ന യോഗം ഉടൻ ചേരും. 
 
ഒരുക്കങ്ങൾ അതിവേഗം
ജലമേളയ്‌ക്ക്‌ മീനച്ചിലാറും തീരവും ഒരുങ്ങുകയാണ്‌. കോട്ടയം നഗരസഭയും തിരുവാർപ്പ്‌ പഞ്ചായത്തും ആറിന്റെ ഇരുകരകൾ വൃത്തിയാക്കും. സംഘാടകസമിതിയുടെ നേതൃത്വത്തിൽ പവലിയൻ വൃത്തിയാക്കൽ ആരംഭിച്ചു. പുഴയിലെ ചെളി ജലസേചനവകുപ്പ്‌ ജെസിബി ഉപയോഗിച്ച്‌ മാറ്റും. 
  വള്ളംകളി സംബന്ധിച്ച്‌ അനിശ്‌ചിതത്വം വന്നതിനാൽ ചെറുവള്ളങ്ങളുടെ ടീമുകളെ പിരിച്ചുവട്ടിരുന്നു. ഇവരെ വീണ്ടും സംഘടിപ്പിച്ച്‌ പരിശീലനം തുടങ്ങും. ചുണ്ടൻവള്ളങ്ങൾ അതതിടങ്ങളിൽ വൈകാതെ പരിശീലനം ആരംഭിക്കും. മത്സരദിനത്തിന്റെ തലേദിവസം താഴത്തങ്ങാടിയിലും പരിശീലനത്തുഴച്ചിൽ നടത്തും. സിബിഎൽ പ്രഖ്യാപിച്ചതോടെ കുമരകത്തെ ജലോത്സവപ്രേമികൾ ആവേശത്തിലാണ്‌. താഴത്തങ്ങാടി മേളയിലെ നിലവിലെ ചാമ്പ്യൻ യുബിസി കൈനകരിയാണ്‌.
 മേളയ്‌ക്കുള്ള ഒരുക്കങ്ങൾ അതിവേഗം നടത്തിവരുന്നതായി സംഘാടകസമിതി ജനറൽ കൺവീനർ കെ ജി കുര്യച്ചൻ പറഞ്ഞു. 
 
 
ഒമ്പത്‌ ചുണ്ടൻ വള്ളങ്ങൾ, 
മുപ്പതോളം ചെറുവള്ളങ്ങൾ
നെഹ്രു ട്രോഫിയിൽ ആദ്യ ഒമ്പത്‌ സ്ഥാനങ്ങളിലെത്തിയ ചുണ്ടൻവള്ളങ്ങളാണ്‌ താഴത്തങ്ങാടി ജലമേളയിൽ മാറ്റുരയ്‌ക്കുക. വെപ്പ്‌ എ ഗ്രേഡ്‌, ബി ഗ്രേഡ്‌, ഇരുട്ടുകുത്തി എ ഗ്രേഡ്‌, ബി ഗ്രേഡ്‌, ചുരുളൻ വള്ളം എന്നീ വിഭാഗങ്ങളിൽ 30 വള്ളമുണ്ടാകുമെന്നാണ്‌ സംഘാടകരുടെ കണക്കുകൂട്ടൽ. 
  ഒക്‌ടോബറിൽ രജിസ്‌ട്രേഷൻ നടത്തിയപ്പോൾ 10 ചെറുവള്ളങ്ങളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. തുടർന്ന്‌ മുടങ്ങിയ രജിസ്‌ട്രേഷൻ ഇപ്പോൾ പുനരാരംഭിക്കുകയായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top