കോട്ടയം
അവശ്യ മരുന്നുകളുടെ വിലവർധനയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രവർത്തയോഗം ആവശ്യപ്പെട്ടു. ജീവിത ശൈലി രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. കമ്പനികളുടെ ആവശ്യപ്രകാരം നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി എട്ടിനം മരുന്നുകളുടെ വില വർധിപ്പിച്ചു. ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങൾ മുതലായവയുടെ ചികിത്സയ്ക്കായായി ഉപയോഗിക്കുന്ന ഈ മരുന്നുകളിൽ ഭൂരിഭാഗവും ചെലവ് കുറഞ്ഞതും പൊതുജനാരോഗ്യ പരിപാടികളിൽ നിർണായകമായ ആദ്യ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നവയുമാണ്. പല മരുന്നുകളുടെയും നിലവിലുള്ള പരിധിയുടെ 50 ശതമാനം വരെ വർധിച്ചു. ആരോഗ്യ മേഖലയെ ദോഷകരമായി ബാധിക്കുന്ന തീരുമാനം പിൻവലിക്കാൻ അധികൃതർ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവർത്തകയോഗം പരിഷത്ത് വാർത്ത എഡിറ്റർ എസ് എൽ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ സുരേഷ്‌കുമാർ അധ്യക്ഷനായി. പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, ജില്ലാ സെക്രട്ടറി വിജു കെ നായർ, ആർ സനൽകുമാർ, കെ രാജൻ, ജിസ്സ് ജോസഫ്, എസ് എ രാജീവ്, പി എൻ കേശവൻ, രശ്മി മാധവ്, സി ശശി, വിഷ്ണു ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..