കോട്ടയം
കനത്ത മഴയെ തുടർന്ന് കോട്ടയം എംസി റോഡ് സ്റ്റാർ ജങ്‌ഷനിൽ അതിരൂക്ഷമായ വെള്ളക്കെട്ട്. സ്റ്റാർ ജങ്‌ഷൻമുതൽ പറപ്പള്ളി ടയേഴ്‌സ് വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും, ഓട്ടോയും പോകാൻ പറ്റാത്ത തരത്തിൽ റോഡിൽ വെള്ളം നിറഞ്ഞുകവിഞ്ഞു.
മുൻപ് സ്റ്റാർ ജങ്‌ഷനുസമീപം സമാനമായ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെതുടർന്ന് കെഎസ്ഇബിയുടെ മതിൽ തകർന്നുവീണ സംഭവം ഉണ്ടായിട്ടുണ്ട്. സമാനരീതിയിലുള്ള വെള്ളക്കെട്ടാണ് തിങ്കളാഴ്‌ച ഉണ്ടായത്. വൈകിട്ട് നാലരയോടുകൂടി ആരംഭിച്ച കനത്ത മഴയിലാണ് റോഡ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയത്. പെട്രോൾപമ്പിലും സമീപത്തെ കടകളിലും വെള്ളംകയറി. ഇവിടെ ഓട മണ്ണുനിറഞ്ഞ് അടഞ്ഞതിനെ തുടർന്നാണ് വെള്ളക്കെട്ട് ഉണ്ടാകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോട്ടയത്ത് മണിക്കൂറിൽ 83 മില്ലിമീറ്റർ മഴ ലഭിച്ചു. ഇടുക്കി ഉടുമ്പന്നൂരിൽ അരമണിക്കൂറിൽ 41 മില്ലിമീറ്റർ മഴയും ലഭിച്ചു. അപൂർവമായിട്ടാണ് ഇത്രയും മഴ കോട്ടയത്ത് ലഭിക്കുന്നത്.
ശക്തമായ മഴയിൽ
വാഹനങ്ങൾ കൂട്ടിയിടിച്ചു
കുമരകം
കുമരകം ഭാഗത്ത് പ്രധാന റോഡിൽ കൈപ്പുഴമുട്ട് ഭാഗത്തുനിന്നുവന്ന പിക്കപ്പ് വാനും വിരിപ്പുകാല ഭാഗത്തെ ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇരുവാഹനങ്ങളിലെയും യാത്രികർക്ക് നിസ്സാര പരിക്കുണ്ട്. തിങ്കൾ വൈകിട്ട് 6.45നാണ് അപകടം.
കനത്ത മഴയിൽ വീട് തകർന്നു
പുതുപ്പള്ളി
പുതുപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ മഴയിൽ കനത്ത നാശം. മണ്ണിടിച്ചിലിൽ മതിൽ തകർന്ന് പെരുകാവ് മൂലക്കുളം രമണി കുട്ടപ്പന്റെ വീട് ഭാഗികമായി തകർന്നു. ഇവിടെ രണ്ട് സ്കൂട്ടറുകളും മണ്ണിനടിയിലായി.നിരവധി കടകളിൽ വെള്ളം കയറി. ഇരവിനെല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിന്റെ മതിലും തകർന്നു.
പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സജേഷ് തങ്കപ്പൻ, ജോൺ ബേബി, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, പ്രവീൺ മോഹനൻ, നിധിൻ ചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..