കോട്ടയം
റബർമേഖലയ്‌ക്ക് വീണ്ടും പ്രതീക്ഷ നൽകി വില ഉയരുമ്പോഴും ടാപ്പർമാരുടെ ക്ഷാമം കർഷകരെ വലയ്‌ക്കുന്നു. എസ്‌റ്റേറ്റുകളെയും ചെറുകിട കർഷകരെയും ഇത് ഒരേപോലെ ബാധിക്കുന്നുണ്ട്. ടാപ്പിങ് ദിനങ്ങൾ കുറഞ്ഞതിനാൽ വെട്ടുകാർക്ക് ഈ മേഖലയിൽ തുടരാൻ താൽപര്യമില്ല. റബറർവില 250ലെത്തിയ ആഗസ്‌തിൽ പോലും മഴക്കാലമായതിനാൽ വെട്ട് കുറവായിരുന്നു. പുതുതായി ഈ രംഗത്തേക്ക് ആരും കടന്നുവരുന്നില്ലെന്ന് മേഖലയിലുള്ളവർ പറയുന്നു.
മുമ്പ് രണ്ടര ലക്ഷം റബർ ടാപ്പർമാർ കേരളത്തിലുണ്ടായിരുന്നു. ഇന്ന് അതിന്റെ നാലിലൊന്നു പോലുമില്ലെന്നാണ് അനൗദ്യോഗിക കണക്ക്. റബർ ബോർഡ് ടാപ്പിങ് പരിശീലനം നൽകാറുണ്ട്. പക്ഷേ പങ്കാളിത്തം വളരെ കുറവാണ്. എസ്‌റ്റേറ്റുകളിലെ സ്ഥിരം ടാപ്പിങ് തൊഴിലാളികൾക്കാകട്ടെ, റബർ ബോർഡ് അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതുമില്ല.
ആർഎസ്‌എസ് നാലിന് റബർ ബോർഡ്‌വില 199 രൂപയാണ്. അന്താരാഷ്‌ട്ര മാർക്കറ്റിൽ 209 രൂപ വരെ എത്തി. സെപ്‌തംബറിൽ 180 വരെ താഴ്‌ന്നതിനു ശേഷമാണ് അന്താരാഷ്‌ട്ര വില ഉയർന്നത്. തായ്‌ലൻഡിൽ മഴ ശക്തമായതും ഉൽപാദനം കുറഞ്ഞതും വില ഉയരാൻ കാരണമായി. വിദേശത്ത് വില ഉയർന്നതിനാൽ ടയർ കമ്പനികൾ കുറഞ്ഞ അളവിലെങ്കിലും ഇന്ത്യൻ ആഭ്യന്തര വിപണിയിൽനിന്ന് റബർ വാങ്ങുന്നുണ്ട്. വില ഇരുനൂറിലെത്തിയത് റബർമേഖലയിൽ നേരിയ ഉണർവുണ്ടാക്കി. പക്ഷേ ടാപ്പിങ് കാര്യമായി വർധിച്ചിട്ടില്ല.
ആഭ്യന്തര വിപണിയിൽനിന്ന് റബർ വാങ്ങണമെന്ന് ടയർ കമ്പനികളോട് റബർ ബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ വൻകിട കമ്പനികൾ നേരത്തേ തന്നെ ഇറക്കുമതി റബർ ശേഖരിച്ച് വച്ചിരുന്നു. ഇപ്പോൾ ആഭന്തര വിപണിയിൽനിന്ന് വാങ്ങി എന്ന് വരുത്തിത്തീർക്കാൻ നാമമാത്രമായി റബർ വാങ്ങുന്നുണ്ട്. ഉൽപാദനം കാര്യമായി വർധിക്കാത്തതിനാൽ റബർ ഡീലർമാരും പ്രതിസന്ധിയിലാണ്. ജില്ലയിൽ നാലുവർഷം മുമ്പ് 8,000 ഡീലർമാർ ഉണ്ടായിരുന്നത് 2,500 ആയി കുറഞ്ഞെന്ന് ഡീലർമാരുടെ സംഘടന പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..