പാലാ
ചെറിയാൻ ജെ കാപ്പൻ സ‌്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ‘ബഹു. കെ എം മാണി സ‌്മാരക സിന്തറ്റിക് ട്രാക്ക്'എന്ന‌് പേര് നൽകാൻ പാലാ നഗരസഭ കൗൺസിലിന്റെ വിവാദ തീരുമാനം. തിങ്കളാഴ‌്ച വൈകിട്ട‌് ചേർന്ന കൗൺസിലിൽ ഏറെ ചർച്ചകൾക്കും ബഹളങ്ങൾക്കുമൊടുവിൽ വോട്ടിങ്ങിലൂടെയാണ‌് ചെയർപേഴ്സൺ ബിജി ജോജോ തീരുമാനം പ്രഖ്യാപിച്ചത്. ചെറിയാൻ ജെ കാപ്പൻ സ‌്മാരക മുനിസിപ്പൽ സ്റ്റേഡിയം എന്ന പേര് നിലനിൽക്കുമെന്നും സ‌്റ്റേഡിയത്തിലെ സിന്തറ്റിക‌് ട്രാക്ക‌് മാത്രമാണ‌് കെ എം മാണിയുടെ സ‌്മാരകമാക്കാൻ തീരുമാനിച്ചതെന്നും ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു. അന്തരിച്ച പാർടി നേതാവിന‌് സമുചിതമായ സ‌്മാരകം നിർമിക്കാതെ ഇത്തരത്തിൽ സ്‌മാരകം തട്ടിക്കൂട്ടുന്നതിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ കേരള കോൺഗ്രസ‌് എമ്മിലെ ഏഴംഗങ്ങളും യോഗത്തിൽ നിന്ന് വിട്ടുനിന്നു.
സിന്തറ്റിക് ട്രാക്കിന് കെ എം മാണിയുടെ പേര‌് നൽകാൻ ഏകകണ‌്ഠ തീരുമാനം എടുക്കണമെന്ന ഭരണപക്ഷ ആവശ്യം തള്ളിയാണ‌് കൗൺസിൽ വോട്ടിങ് നടത്തിയത്. പത്തൊമ്പത് അംഗങ്ങളിൽ കോൺഗ്രസടക്കം 13 പേർ പിന്തുണച്ചു. ആദ്യകാല കോൺഗ്രസ‌് നേതാവുകൂടിയായ ചെറിയാൻ ജെ കാപ്പന്റെ പേരിലാണ് നിലവിൽ സ്‌റ്റേഡിയം. കോൺഗ്രസ‌് പ്രതിനിധികളായ പ്രൊഫ. സതീഷ് ചൊള്ളാനി, മിനി പ്രിൻസ്, ലിസ്യൂ ജോസ‌് എന്നിവരുൾപ്പെടെ പുതിയ തീരുമാനത്തെ പിന്തുണച്ചു. എൽഡിഎഫിലെ റോയി ഫ്രാൻസീസ‌്, പ്രസാദ‌് പെരുമ്പള്ളിൽ, ജിജി ജോണി, സിജി പ്രസാദ‌് എന്നിവരും ബിജെപി അംഗം ബിനു പുളിക്കക്കണ്ടവും എതിർത്ത‌് വോട്ട‌് ചെയ്‌തു. ബന്ധുവിന്റെ മരണത്തെ തുടർന്ന‌് പ്രതിപക്ഷാംഗം സുഷമ രഘു എത്തിയില്ല. കേരള കോൺഗ്രസ‌് എം പ്രതിനിധികളായ വൈസ‌് ചെയർമാൻ കുര്യാക്കോസ‌് പടവൻ, മുൻ ചെയർപേഴ‌്സൺ പ്രൊഫ. സെലിൻ റോയി, ടോണി തോട്ടം, കെ ആർ മധു, ടോമി തറക്കുന്നേൽ, ജോബി വെള്ളാപ്പാണി എന്നിവരാണ‌് കൗൺസിലിൽനിന്ന‌് വിട്ടുനിന്നത‌്.
‘വലിയ പള്ളിയ്ക്കകത്ത് കുരിശുപള്ളി' പണിയുന്ന തീരുമാനമെന്നാണ് കൗൺസിൽ തീരുമാനത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത‌്. സ്വാതന്ത്ര്യസമര സേനാനിയും നഗരസഭയുടെ പ്രഥമ ചെയർമാനും മുൻ എംപിയുമായ ചെറിയാൻ ജെ കാപ്പന്റെ സ്മാരകമായ സ്റ്റേഡിയത്തിന് പുതിയ പേരിടുന്നതിലൂടെ നഗരസഭയ്ക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും ഇത് ചെറിയാൻ ജെ കാപ്പനെ അപമാനിക്കലാണെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.
ഭരണപക്ഷാംഗങ്ങളായ ബെറ്റി ഷാജു, ജോർജ്കുട്ടി ചെറുവള്ളിൽ, മേരി ഡൊമിനിക്, സിബിൽ തോമസ്, എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..