കോട്ടയം
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞം അഞ്ചാംഘട്ടത്തിനും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞം രണ്ടാം ഘട്ടത്തിനും ജില്ലയിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ പശുക്കളും എരുമകളുമായി 87721 കന്നുകാലികൾക്ക് 30 പ്രവർത്തി ദിവസങ്ങൾ കൊണ്ടു വാക്‌സിനേഷൻ നൽകും. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും മൃഗാശുപത്രികളുടെ മേൽനോട്ടത്തിൽ മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങിയ 129 വാക്‌സിനേഷൻ സ്‌ക്വാഡുകൾ ഇതിനായി ഉണ്ടാകും. ഇവർ ക്ഷീരകർഷകരുടെ ഭവനത്തിലെത്തി പ്രതിരോധ കുത്തിവയ്‌പ്പുകൾ സൗജന്യമായി നൽകും.
കുളമ്പുരോഗത്തിനും ചർമ്മ മുഴരോഗത്തിനും പ്രതിരോധ കുത്തിവയ്‌പ്പാണ് ഏക നിയന്ത്രണ മാർഗം. നാലുമാസത്തിൽ താഴെ പ്രായമുള്ള കിടാക്കൾ, ഏഴുമാസത്തിനുമുകളിൽ ഗർഭാവസ്ഥയിലുള്ള ഉരുക്കൾ, രോഗബാധിതരും ക്ഷീണിതരുമായ ഉരുക്കൾ എന്നിവയെ കുളമ്പുരോഗ കുത്തിവയ്‌പ്പിൽനിന്ന് ഒഴിവാക്കും. ചർമ്മമുഴ രോഗപ്രതിരോധ കുത്തിവയ്‌പ്പിൽനിന്ന് നാലുമാസത്തിൽ താഴെ പ്രായമുള്ള കിടാക്കളെയും എരുമകളേയും ഒഴിവാക്കും. എന്നാൽ ഗർഭാവസ്ഥയിലുള്ള ഉരുക്കൾക്ക് ചർമ്മ മുഴ പ്രതിരോധ കുത്തിവയ്‌പ്പ് സുരക്ഷിതമാണ്. പ്രതിരോധ കുത്തിവയ്‌പ്പ് ചെയ്തതിനുള്ള അടയാളമായി ഉരുക്കളുടെ ചെവിയിൽ ടാഗും ഘടിപ്പിക്കും.
ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയോജിതമായി മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്തംഗം നെബു ജോൺ ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് മാത്യു അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വിജിമോൾ മുഖ്യ പ്രഭാഷണം നടത്തി. എഡിസിപി ജില്ലാ കോർഡിനേറ്റർ ഡോ. സജീവ് കുമാർ പദ്ധതി വിശദീകരിച്ചു. പ്രിയ മധുസൂദനൻ, സുമ മുകുന്ദൻ, ഡോ. മായ ജെയിംസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..