കോട്ടയം
കെഎസ്‌ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള രാമപുരം നാലമ്പല യാത്രയ്‌ക്ക് മികച്ച പ്രതികരണം. കേരളത്തിലെ വിവിധയിടങ്ങളിൽനിന്ന് 120 സർവീസുകളാണ് ഇതിനകം രാമപുരത്തേക്ക് എത്തിയത്. ജൂലൈ 16 തുടങ്ങിയ തീർഥാടനം ആഗസ്ത് 16ന് അവസാനിക്കും. 150 ബസുകൾ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിച്ചതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ബസുകളെത്തുമെന്ന് കരുതുന്നു.
രാമപുരത്തെ നാലമ്പലങ്ങൾ തമ്മിലുള്ള ആകെ ദൂരം 18 കി.മി മാത്രമായതിനാൽ കുറഞ്ഞ സമയത്തിൽ ദർശനം പൂർത്തിയാക്കാം. ഇതിനാൽ ബുക്കിങ്ങിൽ വൻ വർധന ഉണ്ടായി. അമ്പതു പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചു ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ദൂരെ നിന്നെത്തുന്ന കെഎസ്‌ആർടിസി യാത്രികർക്ക്, കൂത്താട്ടുകുളം, പാലാ എന്നിവിടങ്ങളിൽ വിശ്രമ സൗകര്യവും ഒരിക്കിയിട്ടുണ്ട്.
ഐതിഹ്യങ്ങളുടെ ചെപ്പ് തുറക്കാൻ
ഐതിഹ്യങ്ങളെ അടുത്തറിയാൻ യാത്രയൊരുക്കി കെഎസ്‌ആർടിസി. വനവാസകാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചതെന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷ്‌ഠിച്ചിട്ടുള്ള തൃചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, തൃപ്പുലിയൂർ ക്ഷേത്രം, തിരുവൻവണ്ടൂർ ക്ഷേത്രം, തൃക്കൊടിത്താനം ക്ഷേത്രം, ആറന്മുള ക്ഷേത്രം എന്നിവയും മുതുകുളം ദേവീക്ഷേത്രവും കവിയൂർ ഗുഹാക്ഷേത്രവും സന്ദർശിക്കാനാണ് കെഎസ്‌ആർടിസി യാത്ര ഒരുക്കുന്നത്. ആറൻമുളയിലെത്തി പ്രസിദ്ധമായ വള്ളസദ്യ കഴിക്കാനും ആറൻമുള കണ്ണാടി നിർമാണം കാണാനും അവസരമുണ്ട്. ജൂലൈ 28ന് ആരംഭിച്ച യാത്ര ഒക്‌ടോബർ രണ്ട് വരെയുണ്ടാകും. കോട്ടയം, പാലാ, വൈക്കം, ചങ്ങനാശേരി ഡിപ്പോകളിൽനിന്നാണ് നിലവിൽ സർവീസ് ഒരുക്കിയിരിക്കുന്നത്. സെപ്‌തംബറോടെ പൊൻകുന്നം, ഈരാറ്റുപേട്ട, എരുമേലി എന്നിവിടങ്ങളിൽനിന്ന് യാത്രകൾ തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..