കോതമംഗലം/പുതുപ്പളളി
ഭൂതത്താൻകെട്ട് തുണ്ടം വനത്തിനുസമീപം തെലുഗു സിനിമാചിത്രീകരണത്തിനിടെ ഇടഞ്ഞോടി ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിച്ചുകൂട്ടിയ പുതുപ്പള്ളി സാധുവിനെ നാട്ടിൽ എത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ശനി രാവിലെ ഒമ്പതേകാലോടെയാണ് ആനയെ കണ്ടെത്തിയത്. പഴവും മധുരവുമെല്ലാം നൽകി കാടിന് പുറത്തെത്തിച്ച സാധുവിനെ പരിശോധനകൾക്കു ശേഷമാണ് ലോറിയിൽ കയറ്റി കോട്ടയത്തേക്ക് അയച്ചത്.
വെള്ളി വൈകിട്ട് അഞ്ചോടെയാണ് തടത്താവിള മണികണ്‌ഠൻ എന്ന ആനയുമായി കൊമ്പുകോർത്ത് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറിയത്. തെലുഗു നടൻ വിജയ് ദേവരകൊണ്ട നായകനായ സിനിമയിൽ കാട്ടാനകളായി അഭിനയിക്കാനാണ് അഞ്ച് ആനകളെ സ്ഥലത്ത് കൊണ്ടുവന്നത്. ചിത്രീകരണത്തിനുശേഷം ലോറിയിൽ കയറ്റുന്നതിനിടെ മണികണ്‌ഠൻ പിന്നിൽനിന്ന് കുത്തി . ആനകൾ കൊമ്പുകോർത്ത് കാട്ടിലേക്ക് പാഞ്ഞു. മണികണ്‌ഠനെ കണ്ടെത്തിയെങ്കിലും പുതുപ്പള്ളി സാധു ഉൾക്കാട്ടിലേക്ക് കടന്നു. രാത്രിവരെ തിരച്ചിൽ ഫലം കണ്ടില്ല. ഭൂതത്താൻകെട്ട് ഫോറസ്റ്റ് സ്റ്റേഷനിലെ സീനിയർ ഫോറസ്റ്റ് വാച്ചർ പി പി രവിയുടെ നേതൃത്വത്തിൽ ശനി രാവിലെ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. എസ് വളവ് ഭാഗത്തെ വനമേഖലയിലായിരുന്നു ആന. പാപ്പാൻമാരും വനപാലകരും അനുനയിപ്പിച്ച് റോഡിൽ എത്തിച്ചു.
കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് വർഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. 1998-ൽ അസമിൽനിന്നാണ് സാധുവിനെ വർഗീസ് സ്വന്തമാക്കിയത്. പേരുപോലെതന്നെ ശാന്തപ്രകൃതക്കാരനാണ്. സാധു നാട്ടിൽ തിരിച്ചെത്തിയതറിഞ്ഞ് ആരാധകരടക്കം നിരവധി ആളുകൾ കാണാനെത്തി .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..