കോട്ടയം
‘‘ ഞങ്ങൾക്കിത് വലിയ അനുഗ്രഹമാണ്. വയ്യാതായി, പണിയെടുക്കാൻ പോയില്ലെങ്കിലും വീട്ടുകാര്യങ്ങൾ നല്ലരീതിയിൽ നടക്കുന്നു ’’ തന്റെ ചെറിയ സംരംഭം സനോജിന് പകരുന്ന ആശ്വാസം ചെറുതല്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് വ്യക്തം. അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഉജ്ജീവനം' പദ്ധതിയുടെ ഗുണഭോക്താവാണ് കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുത്തൻപറമ്പിൽ സനോജ് മണി.
പെയിന്റിങ് ഉപകരണങ്ങൾ വാടകയ്‌ക്ക് നൽകുന്ന സംരംഭമാണ് 38കാരനായ സനോജിനും കുടുംബത്തിനും താങ്ങാകുന്നത്. പെയിന്റിങ് തൊഴിലാളിയായ സനോജ് കുടൽ സംബന്ധമായ പ്രയാസങ്ങളോട് പൊരുതിയാണ് മുന്നോട്ടുപോകുന്നത്. അസുഖം മൂലം ജോലിചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽപോലും ഭാര്യയും നാലു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം കഴിയുന്നത് തന്റെ സംരംഭം നൽകുന്ന വരുമാനം കൊണ്ടാണെന്ന് ഇദ്ദേഹം പറയുന്നു.
ഉജ്ജീവനം
അതിദരിദ്ര കുടുംബങ്ങളില്‍ ഉപജീവനം ആവശ്യമായവർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.
ഇതിനായി ദരിദ്ര കുടുംബങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനവും പിന്തുണയും ലഭ്യമാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..