കോട്ടയം
--ഇന്ത്യയുടെ സ്വാശ്രയ സ്വപ്‌നങ്ങൾക്ക് കരുത്തുപകർന്ന കൈത്തറി നാടിന്റെ വിമോചന പോരാട്ടത്തിന്റെ പ്രതീകമായി. കൈത്തറി മഹിമ നിലനിർത്തുന്ന ഏഴ് പതിറ്റാണ്ടിന്റെ പ്രൗഢപാരമ്പര്യവുമായി ഒരു കൈത്തറി സഹകരണസംഘം കോട്ടയത്തുണ്ട്. മറവൻതുരുത്ത് നെയ്‌ത്തുതൊഴിലാളി സഹകരണസംഘം ക്ലിപ്‌തം നം. 3504. 1954 ഡിസംബർ 14നാണ് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മറവൻതുരുത്തിൽ നെയ്‌ത്തുതൊഴിലാളി സഹകരണ സംഘം ആരംഭിക്കുന്നത്. സ്വന്തം ഉൽപ്പന്നങ്ങളും നിരവധി തൊഴിലാളികളുമായി ജില്ലയിലെ പ്രധാന സഹകരണ സംഘങ്ങളിൽ ഒന്നായിരുന്നു മറവൻതുരുത്ത് സംഘം. കൂലിക്കുറവും കൈത്തറി മേഖലയിലെ നിരവധി പ്രതിസന്ധികളും ഇടക്കാലത്ത് അടച്ചുപൂട്ടലിന്റെ വക്കോളം എത്തിച്ചു. മിക്ക തൊഴിലാളികളും മറ്റ് ജോലികൾ തേടി പോയി. 2016ൽ ചുമതലയേറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് സംഘത്തിന് പുതുജീവനായത്. സ്‌കൂൾ യൂണിഫോമുകളുടെ നെയ്ത്ത് ജോലികൾ ലഭിച്ചതോടെ വീണ്ടും സജീവമായി. തൊഴിലാളികളുടെ എണ്ണവും വർധിച്ചു. വീട്ടിൽ നെയ്യുന്നവരുൾപ്പെടെ നിലവിൽ ഇരുപത്തിയെട്ടോളം തൊഴിലാളികൾ ഇവിടെയുണ്ട്. തലയിണ കവറും മെത്തവിരിയും ഷർട്ടിന്റെ തുണിയുമടക്കം നിരവധി ഉൽപ്പന്നങ്ങൾ മുമ്പുണ്ടായിരുന്നു. നിരവധി മേളകളിലും പങ്കെടുത്തിരുന്നു. ഇപ്പോൾ സ്‌കൂൾ യൂണിഫോമുകൾ മാത്രമാണ് നെയ്യുന്നത്. മെത്തവിരികളുൾപ്പെടെ സ്വന്തം ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിൽ എത്തിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. സപ്‌തതി സമ്മാനമായി ജില്ലയിലെ മികച്ച കൈത്തറി സഹകരണസംഘമെന്ന അംഗീകാരം ലഭിച്ചു. ബുധനാഴ്‌ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. ടി അജയ് പ്രസിഡന്റും എം ഇന്ദുക്കുട്ടി സെക്രട്ടറിയുമായ ഭരണസമിതി സപ്‌തതി വർഷത്തിൽ പഴയ പ്രൗഢി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..