22 November Friday

വിജയത്തിന്റെ രുചിക്കൂട്ടായി 
ഗായത്രിയുടെ കറിപൗഡർ

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024
മുണ്ടക്കയം
അച്ഛന്റെ ബിസിനസിന്റെ ഉയർച്ചതാഴ്ചകൾ കണ്ടു വളർന്ന മുണ്ടക്കയം കുറുവൻപറമ്പിൽ  ഗായത്രി പഠനത്തിനൊപ്പം സ്വന്തമായൊരു സംരംഭവും ഉണ്ടാകണമെന്ന്‌ ആഗ്രഹിച്ചു. അത്‌ സാധിച്ചു – ഗായത്രി കറി പൗഡറിലൂടെ. കുട്ടിക്കാനം മരിയൻ കോളേജിലെ അവസാന വർഷ ബിബിഎ വിദ്യാർഥിനി ഗായത്രി അനിൽകുമാറിന്റെ ജീവിതത്തിന്റെ രൂചിക്കൂട്ടാണിപ്പോൾ ഈ കറി പൗഡർ.
ഇരുപത്തിയേഴ്‌ വർഷമായി മുണ്ടക്കയത്ത് സുനിത ഹോം അപ്ലയൻസസ് നടത്തുന്ന കുറുവൻപറമ്പിൽ അനിൽകുമാറിന്റെ മൂത്ത മകളാണ് ഗായത്രി. ബിബിഎ പഠനത്തിന്റെ ഭാഗമായി ചെയ്ത പ്രൊജക്ട്‌ കറി പൗഡർ നിർമാണത്തെക്കുറിച്ചായിരുന്നു.  മായം ചേരാത്ത ഉൽപന്നങ്ങൾക്ക് ലഭിക്കാവുന്ന സ്വീകാര്യതയും ആവശ്യകതയും മനസിലാക്കി ഗായത്രി കഴിഞ്ഞവർഷമാണ്‌ സ്വന്തം പേരിൽ സംരംഭം ആരംഭിച്ചത്‌.  ഒരു വർഷംകൊണ്ട് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിച്ചു. 25 പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞു. മുളക്‌ പൊടിക്കാൻ തമിഴ്‌നാട്ടിലെ തേനിയിൽ മില്ല്‌ വാടകയ്‌ക്കെടുത്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽനിന്ന്‌ ഗുണനിലവാരമുള്ള മുളക് മില്ലിലെത്തിച്ച്‌ പൊടിച്ച്‌ കേരളത്തിൽ പായ്‌ക്ക് ചെയ്‌താണ് വിതരണം നടത്തുന്നത്. വ്യവസായവകുപ്പിന്റെ സഹായത്തോടെ ബാങ്ക്‌ വായ്പയെടുത്ത്‌ കൂടുതൽ വിതരണക്കാരെ നിയമിച്ച്‌ മറ്റ് ജില്ലകളിലേക്കും കറി പൗഡർ എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചുമിടുക്കി. കൊട്ടാരക്കര പുത്തൂർ സിദ്ധാർഥ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ കവിത ഗായത്രിയുടെ അമ്മയും പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി സഹോദരിയുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top