17 September Tuesday

പൂക്കളെത്തി, 
കളം നിറയട്ടെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

തിരുനക്കര ബസ് സ്റ്റാൻഡിനു സമീപം സജീവമായ പൂവിപണി

കോട്ടയം
പൂക്കൂട മറിഞ്ഞപോലെയാണ്‌ ഇപ്പോൾ വഴിയോരങ്ങൾ. തമിഴ്‌നാട് അതിർത്തികടന്ന്‌ പൂമണമേന്തി വണ്ടികൾ എത്തിത്തുടങ്ങിയതോടെ വിപണി ഉഷാറായി. ഓണം കളറാക്കാൻ മഞ്ഞയും ഓറഞ്ചും വയലറ്റും നിറത്തിൽ പൂക്കളുടെ സമൃദ്ധി. പണ്ടേപോലെ  കാട്ടിലും മേട്ടിലും പാടത്തും പറമ്പിലുമൊന്നും പൂവ്‌ തേടിയോടാൻ പിള്ളേർക്ക്‌ നേരമില്ല. വിലകൊടുത്താൽ കൈയെത്തും ദൂരെ ഏതുപൂക്കളും കിട്ടും.
പതിവുപോലെ ബന്തിയാണ്‌ വിപണിയിലെ താരം. ഇക്കുറി കുടുംബശ്രീയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്തിൽ ഓണത്തിന്‌ ഒരുമുറം പച്ചക്കറി പദ്ധതിയുടെ മാതൃകയിൽ കൃഷി ചെയ്‌ത പൂക്കളും വിപണിയിലുണ്ട്‌. 
ഓറഞ്ച്‌, മഞ്ഞ നിറത്തിലുള്ള ബന്തി, വാടാമുല്ല, റോസ, ജമന്തി, വെൽവറ്റ്‌ പൂവ്‌, അരളി തുടങ്ങിയ പൂക്കളും പന്തിയിലുണ്ട്‌. അരളിക്ക്‌ ഇടയ്‌ക്ക്‌ ആവശ്യക്കാർ കുറഞ്ഞിരുന്നെങ്കിലും ഓണം അടുത്തതോടെ അരളിയും വിപണി കീഴടക്കി. കിലോയ്‌ക്ക്‌ 300 രൂപ വരെയാണ്‌ വില. ബന്തിയ്‌ക്ക്‌ 150 മുതൽ 250 വരെയാണ്‌ വില. വാടാമുല്ല 150–-200, വെള്ള ജമന്തി 150–-200, റോസ 200–-300 എന്നിങ്ങനെയാണ്‌ നിലവിലെ വിപണി വില. എല്ലാ പൂവുകളും ഉൾപ്പെടുന്ന 100 രൂപ മുതൽ 500 രൂപ വരെയുള്ള കിറ്റുകളും ലഭ്യമാണ്‌. ഉത്രാടം ആകുമ്പോഴേക്കും വിലയിൽ മാറ്റം വരാനും സാധ്യതയുണ്ടെന്ന്‌ കച്ചവടക്കാർ പറഞ്ഞു.
അരളിക്ക്‌ അടി തെറ്റിയില്ല
കുറച്ചുകാലം മുമ്പ്‌ അരളിയായിരുന്നു വാർത്തകളിലെ താരം. പക്ഷേ, വില്ലൻ പരിവേഷമായിരുന്നു. അടി തെറ്റിയാൽ അരളിയും വീഴും എന്ന്‌ കരുതിയവർക്ക്‌ തെറ്റി. ഓണം വന്നതോടെ അരളിയുടെ നല്ലകാലം തുടങ്ങി. വിപണിയിൽ അരളിക്ക്‌ ആവശ്യക്കാർ ഏറെയാണ്‌. അരളി പൂവ്‌ കഴിച്ചുണ്ടായ മരണത്തെ തുടർന്നാണ്‌ വിപണി സാധ്യത കുറഞ്ഞത്‌. പലയിടങ്ങളിലും അരളി ഉപയോഗിക്കാതെയായി. അതോടെ വിലയും വൻതോതിൽ കുറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top