24 November Sunday

ഹൃദയം നിറയും ചിരി വിടരാൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
കോട്ടയം
കുരുന്നുകൾ ഹൃദയം തുറന്ന്‌ ചിരിക്കട്ടെ, ചുറ്റും കുസൃതികൾ നിറയട്ടെ. കുട്ടി ഹൃദയങ്ങൾക്ക് കാവലായി ‘ഹൃദ്യം’. ജന്മനാ ഹൃദയസംബന്ധമായ രോഗമുള്ള കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതിയായ ‘ഹൃദ്യ'ത്തിലൂടെ നിറചിരികൾ വിരിയുകയാണ്‌. ജില്ലയിൽ ഇതുവരെ 770 കേസുകളാണ്‌ പദ്ധതിയിൽ രജിസ്‌റ്റർചെയ്‌തത്‌. 289 കുരുന്നുകൾ ഹൃദ്യത്തിലൂടെ ജീവിതം തിരികെ പിടിച്ചു. 
അടിയന്തര സാഹചര്യമുള്ള കുരുന്നുകൾക്ക്‌ മാത്രമാണ് ശസ്ത്രക്രിയ നിർദേശിക്കുന്നത്. രജിസ്‌റ്റർചെയ്‌ത എല്ലാവരിലും ഡോക്ടറുടെ പരിശോധനയും ആവശ്യമുള്ള പരിചരണങ്ങളും ഉറപ്പാക്കി. 174 കുട്ടികൾക്ക്‌ ഓപ്പൺ സർജറിയും 72 കുട്ടികൾക്ക്‌ താക്കോൽദ്വാര ശസ്‌ത്രക്രിയയും നടത്തി. 43 കുട്ടികൾ ശസ്ത്രക്രിയയില്ലാതെ തുടർപരിശോധനകളിലൂടെ ജീവിതത്തിലേക്ക് പിച്ചവച്ചു. 
നവജാത ശിശുക്കൾ മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഹൃദ്യത്തിലൂടെ സൗജന്യചികിത്സ ലഭിക്കും. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അപകടം ഉണ്ടായേക്കാവുന്ന കുട്ടികൾക്കാണ്‌ ശസ്ത്രക്രിയ നിർദേശിക്കുക. 2017 മുതൽ ഹൃദ്യത്തിലൂടെ കുരുന്നുജീവനുകൾ സുരക്ഷിതമാണ്‌. ഹൃദ്യത്തിലൂടെ നടത്തുന്ന ശസ്ത്രക്രിയകൾക്ക് പരമാവധി രണ്ടുലക്ഷം രൂപവരെയാണ് സർക്കാർ ആശുപത്രികൾക്ക് നൽകുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top