കോട്ടയം
സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ക്രിസ്‌മസ് കാലം വന്നെത്തുമ്പോൾ മധുരം പകരാൻ കേക്ക് വിപണി സജീവം. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ബേക്കറികളിലെ ചില്ല് അലമാരയിൽ കേക്കുകൾ ഇടം പിടിച്ചു. ബോർമകളെല്ലാം കേക്ക് ഉണ്ടാക്കുന്ന തിരക്കിലുമാണ്.
ഐസിങ് കേക്ക്, കോഫീ ക്രഞ്ച് കേക്ക്, ചോക്ലേറ്റ്, ക്രീം, ചെറി, കാരമൽ, ബനാന, ജോർജിയൻ, എഗ്ലെസ്, മാർബിൾ, ഫാൻസി ബട്ടർ, കാരറ്റ്, ഡേറ്റ്, റിച്ച് ഫ്രൂട്ട്, പ്ലേയ്ൻ ഡെക്ക്, ബ്ലാക്ക് ഫോറസ്റ്റ്, പിസ്‌ത, ഓറഞ്ച്, പൈനാപ്പിൾ, കോഫി തുടങ്ങി വിവിധതരത്തിലുള്ള കേക്കുകൾ വിപണിയിലുണ്ട്.
എന്നാലും ക്രിസ്മസ് കേക്കെന്നാൽ പ്ലം കേക്കിനാണ് ഡിമാന്റ് കൂടുതൽ. മോഡേൺ കേക്കുകൾ ഉണ്ടെങ്കിലും പഴയ തലമുറ ചോദിക്കുന്നത് ഇപ്പോഴും പ്ലം കേക്കില്ലേ എന്നാണ്. ഉണക്കമുന്തിരിയും കശുവണ്ടിയും നാളുകൾക്ക് മുമ്പേ പഴച്ചാറുകളിൽ മുക്കിയിട്ട് ഉണ്ടാക്കുന്ന പ്ലം കേക്കിന് ആരാധകർ ഇന്നും ധാരാളം. ഡിസംബർ ആദ്യവാരം തന്നെ ബോർമകളിൽ കേക്കുകൾ ഉണ്ടാക്കിത്തുടങ്ങി. സ്‌കൂൾ, കോളേജ്, ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിലെ ക്രിസ്‌മസ് ആഘോഷങ്ങളിലാണ് വ്യാപാരികളുടെ പ്രതീക്ഷ. വിവിധ പള്ളികളിൽനിന്നും ഓർഡർ വരും. ഓർഡർ സ്വീകരിച്ച് മണിക്കൂറുകൾ കൊണ്ട് കേക്കുണ്ടാക്കി നൽകുന്ന ബേക്കറികളുമുണ്ട്. ഡിസംബർ ആദ്യം പ്ലം കേക്കുകളാണ് ഉണ്ടാക്കുന്നത്. ക്രിസ്‌മസ് അടുക്കുന്നതോടെയാണ് മറ്റു കേക്കുൾ ഇടം പിടിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..