10 September Tuesday

തുരുത്തിയിൽ ആനയിടഞ്ഞു; വിറപ്പിച്ചത്‌ 2 മണിക്കൂർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

ചങ്ങനാശേരി തുരുത്തിയിൽ വാഹനത്തിൽ നിന്നിറക്കുന്നതിനിടെ ഇടഞ്ഞ വാഴപ്പള്ളി മഹാദേവൻ 
 എന്ന ആന ഇറങ്ങാതെ നിലയുറപ്പിച്ചപ്പോൾ

കോട്ടയം
ചങ്ങനാശേരി തുരുത്തിയിൽ ലോറിയിൽ കൊണ്ടുവന്ന ആന ഇറക്കുന്നതിനിടെ  ഇടഞ്ഞു. എംസി റോഡിൽ രണ്ടുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പരാക്രമം കാട്ടിയ വാഴപ്പള്ളി മഹാദേവൻ എന്ന കൊമ്പനെ രാത്രി വൈകി മയക്കുവെടിവച്ച്‌ തളച്ചു. ബുധൻ രാത്രി 11.30 ഓടെയാണ്‌ നാടിനെ മുൾമുനയിൽ നിർത്തി കൊമ്പൻ ഇടഞ്ഞത്‌.  
   ഈശാനത്തുകാവ് ക്ഷേത്രത്തിനുസമീപമാണ് സംഭവം. ഉത്സവത്തിന്‌ കൊണ്ടുപോയ ശേഷം തുരുത്തിയിലെ  ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തിൽ തളയ്‌ക്കാനായി തിരികെ വാഹനത്തിൽനിന്ന് ഇറക്കുമ്പോൾ ആന ഇടഞ്ഞു. വാഹനത്തിൽനിന്ന്  ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികൾ കുത്തിമറിച്ചു. ഒന്നര മണിക്കൂറോളം ലോറിയ്ക്കുള്ളിൽ നിന്നശേഷം റോഡിലേക്ക് ഇറങ്ങി ലോറി കുത്തി തകർത്തു. തുമ്പിക്കൈ കൊണ്ട് സമീപത്തെ മൂന്നു വൈദ്യുതി ലൈനുകൾ  വലിച്ചു പൊട്ടിച്ചു.  ഇതോടെ തുരുത്തി പ്രദേശം പൂർണമായി ഇരുട്ടിലായി. അക്രമാസക്തനായ ആന  റോഡിൽ നിലയുറപ്പിച്ചതോടെ എംസി റോഡിൽ തുരുത്തി ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ പലതും വഴിതിരിച്ചുവിട്ടു. കോട്ടയത്തുനിന്ന്‌ എലിഫന്റ്‌ സ്ക്വാഡ് എത്തി മയക്കുവെടിവച്ചാണ്‌ ആനയെ തളച്ചത്‌. ആന ഇടഞ്ഞ വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് എംസി റോഡിൽ തടിച്ചുകൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top