കോട്ടയം
‘ഓണക്കാലത്ത് ഒരു കിറ്റ് കിട്ടുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമാണ്. പ്രതിസന്ധിയില്ലാതെ ഈ ഉത്സവ നാളുകൾ കഴിച്ചുകൂട്ടാൻ ഇതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സാധിക്കും’–- ഈരാറ്റുപേട്ട സ്വദേശി മേക്കല്ലൂർ എം എൻ ബാബുവിന്റെ പ്രതികരണത്തിലുണ്ടായിരുന്നു നാട്ടിലെ സാധാരണക്കാരന്റെ വികാരം.
ജില്ലയിലാകെ 38435 ഓണക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കോട്ടയം ഡിപ്പോയിൽനിന്നും 10350, ചങ്ങനാശേരി 6007, പാലാ 8008, വൈക്കം 6326, കാഞ്ഞിരപ്പള്ളി 7247 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്ന കിറ്റുകളുടെ എണ്ണം. ഇതിനകം 27962 കിറ്റുകൾ റേഷൻ കടകളിൽ വിതരണത്തിന് സജ്ജമായിട്ടുണ്ടെന്നും ബാക്കിയുള്ളവ ഉടൻ എത്തുമെന്നും അധികൃതർ പറഞ്ഞു.
ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ആദ്യദിനത്തിൽ നൂറുകണക്കിന് പേരാണ് കിറ്റ് വാങ്ങാൻ കടകളിൽ എത്തിയത്. അടുത്ത ദിവസങ്ങളിൽ കിറ്റ് വിതരണം കൂടുതൽ സജീവമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..