21 November Thursday

എരുമേലി ഒരുങ്ങി

ഇക്ബാൽ ഇല്ലത്തുപറമ്പിൽUpdated: Sunday Nov 10, 2024

പുതുതായി പെയിന്റ്‌ ചെയ്‌ത എരുമേലി വലിയമ്പലത്തിന്റെ കവാടം

എരുമേലി
മണ്ഡലകാല തീർഥാടനത്തിന്‌ ശബരിമല നട തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എരുമേലിയിൽ ഒരുക്കങ്ങൾ പൂർണം. റോഡുകൾ ഗതാഗത യോഗ്യമാക്കി. പാതകളുടെ ഇരുവശത്തുമുള്ള കാടുകൾ വെട്ടിത്തെളിച്ചുകൊണ്ടിരിക്കുന്നു. യന്ത്രമുപയോഗിച്ച്‌ കാനനപാത വൃത്തിയാക്കിവരികയാണ്‌. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ്‌ എരുമേലിയിൽ തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നത്‌.
എരുമേലിയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങാതിരിക്കാൻ എരുമേലി 110 കെവി സബ് സ്റ്റേഷനിലും കേബിളുകളിലും ബോക്സുകളിലും പണികൾ നടന്നുവരുന്നു. കച്ചവടാവശ്യങ്ങൾക്കുള്ള സ്ഥലവും മറ്റും ഈയാഴ്‌ച ലേലം പൂർത്തിയാക്കി ദേവസ്വം ബോർഡും മുസ്ലീം ജമാഅത്തും വ്യക്തികൾക്ക് കൈമാറും. കച്ചവടസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരെയും തീർഥാടനവുമായി ബന്ധപ്പെട്ട് ഇതര ജോലികൾ ചെയ്യുന്നവരെയും ആരോഗ്യവകുപ്പ് മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയാണ്‌. എരുമേലി കെഎസ്ആർടിസി ഡിപ്പോയുടെ മുൻവശത്തെ റോഡുകളിലെ കുഴികളടച്ചു. ശബരിമല സീസണിൽ അധികമായി എത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് പാർക്ക് ചെയ്യാൻ പഴയ താവളം സ്റ്റേഡിയം സജ്ജമായി. എരുമേലി ധർമശാസ്‌താ ക്ഷേത്രം (വലിയമ്പലം), കൊച്ചമ്പലം, കൊച്ചമ്പലം കവാടം എന്നിവയുടെ പെയിന്റിങ്‌ നടന്നുവരുന്നു. ഭക്ഷ്യവസ്‌തുക്കളുടെ വില നിശ്‌ചയിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ്‌ മണ്ഡലകാലത്തുടനീളം ഭക്ഷണശാലകളിൽ പരിശോധനനടത്തും.
ശബരിമല നട തുറക്കുംമുമ്പേ പ്രധാന ഇടത്താവളമായ എരുമേലിയിൽ തീർഥാടകർ എത്തിത്തുടങ്ങും. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള റവന്യു കൺട്രോൾ റൂമും പൊലീസ് കൺട്രോൾ റൂമും 15ന്‌ പ്രവർത്തനം തുടങ്ങും. തീർഥാടനത്തിന്റെ ഏകോപനത്തിന്‌ നോഡൽ ഓഫീസറെ നിയമിച്ചു. സ്പെഷ്യൽ ഡ്യൂട്ടിക്കുള്ള പൊലീസ് സേനയെ എരുമേലിയിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ വിവിധ മേഖലകളിലും വിന്യസിക്കും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top