കോട്ടയം
വയനാട് ദുരന്തത്തിൽ എല്ലാം തകർന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക എന്ന സന്ദേശവുമായി സിപിഐ എം ബോധവൽക്കരണം തുടങ്ങി. ഫണ്ടിനെതിരെ ചില ഭാഗത്തുനിന്നുണ്ടാകുന്ന കുപ്രചാരണങ്ങളെ തുറന്നുകാണിക്കാൻകൂടിയാണ് പ്രവർത്തകർ ജില്ലയിലാകെ രംഗത്തിറങ്ങിയത്. സിഎംഡിആർഎഫ് സുതാര്യമാണ്. ചിലർ ദുഷ്‌ടലാക്കോടെയാണ് ഫണ്ടിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണം നടത്തിയത്. ഇത്തരക്കാരുടെ വലയിൽ വീഴരുതെന്നും വയനാടിന് പരമാവധി സഹായം നൽകണമെന്നും ആഹ്വാനം ചെയ്‌തായിരുന്നു സിപിഐ എമ്മിന്റെ പ്രചാരണം.വിവിധയിടങ്ങളിൽ സംസ്ഥാന, ജില്ലാ നേതാക്കൾ ബോധവൽക്കരണത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എ വി റസൽ ചങ്ങനാശേരി നഗരത്തിലെ ബോധവൽക്കരണത്തിന് നേതൃത്വം നൽകി. കോട്ടയം നഗരത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, കെ വി ബിന്ദു, കെ ആർ അജയ്, ലോക്കൽ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്‌ചയും ബോധവൽക്കരണം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..