22 December Sunday

സ്വകാര്യ ബസുകളിൽ പരിശോധന നിയമം പാലിച്ചില്ലേൽ ‘കട്ടപ്പൊക’യാകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
വൈക്കം
ജില്ലയിൽ നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടികൾ ഊർജിതമാക്കി മോട്ടോർ വാഹന വകുപ്പ്‌. കോട്ടയം എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വൈക്കം ബസ്‌ സ്‌റ്റാൻഡ്‌ കേന്ദ്രീകരിച്ച്‌ ചൊവ്വാഴ്‌ച പ്രത്യേക പരിശോധന നടത്തി. ഇരുപത്തിയഞ്ചോളം സ്വകാര്യ ബസുകളിലാണ്‌ പരിശോധന നടത്തിയത്‌. ഒമ്പത്‌ ബസുകളുടെ സ്‌പീഡ്‌ ഗവർണർ പ്രവർത്തനക്ഷമമായിരുന്നില്ല. ഈ ബസുകളുടെ സർവീസ്‌ നിർത്തിവപ്പിച്ചു. സ്‌പീഡ്‌ ഗവർണറുകൾ ഘടിപ്പിച്ച ശേഷം, അവ പ്രവർത്തിക്കുന്നുണ്ടെന്ന്‌ പരിശോധിച്ച്‌ ഉറപ്പാക്കിയ ശേഷം മാത്രമേ സർവീസ്‌ നടത്താൻ അനുവദിക്കൂ. നികുതി അടയ്‌ക്കാതെ സർവീസ്‌ നടത്തിയ ഒരു ബസിനെതിരെയും പുക പരിശോധനയുടെ രേഖയില്ലാത്ത രണ്ട്‌ ബസുകൾക്കെതിരെയും നടപടി സ്വീകരിച്ചു. സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനും അമിതവേഗതയ്‌ക്കുമെതിരായ പരാതികൾ വർധിച്ച സാഹചര്യത്തിലാണ്‌ കർശന നടപടികളുമായി വകുപ്പ്‌ രംഗത്തെത്തിയത്‌. വരും ദിവസങ്ങളിൽ ജില്ലയിലെ ബസ്‌ സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ച്‌ പരിശോധന കർശനമാക്കാനാണ്‌ വകുപ്പ്‌ തീരുമാനിച്ചിരിക്കുന്നത്‌. കോട്ടയം എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ സി ശ്യാമിന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബി ആശകുമാർ, എസ് രാജൻ, എഎംവിഐമാരായ ജോർജ് വർഗീസ്, ജെറാൾഡ് വിൽസ്, സി ആർ രാജു, രഞ്ജിത്ത്, സുരേഷ് കുമാർ, സജിത്ത്, ദീപു ആർ നായർ, ജയരാജ് എന്നിവരാണ്‌ പരിശോധന നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top