23 December Monday

നൂറ്റാണ്ടിന്റെ ചരിത്രംപേറി കുട്ടിക്കാനം –മുണ്ടക്കയം റോപ്‌വേ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

 മുണ്ടക്കയം

ഹൈറേഞ്ചിൽനിന്ന്‌ ലോറേഞ്ചിലേക്ക് മലഞ്ചരക്ക്‌ എത്തിക്കാൻ ആരംഭിച്ച കുട്ടിക്കാനം -– മുണ്ടക്കയം റോപ്‌വേ വിസ്മൃതിയിലായിട്ട് നൂറാണ്ട്. ചരക്കുനീക്കത്തിനു ബ്രിട്ടീഷുകാർ 1924ൽ നിർമിച്ചതാണിത്. എന്നാൽ 99ലെ വെള്ളപ്പൊക്കത്തോടെ റോപ്‌വേയും ഓർമയായി. 
ഇടുക്കി കുട്ടിക്കാനത്തുനിന്നാരംഭിച്ച് കൊട്ടയം അതിർത്തിയായ മുണ്ടക്കയം ഈസ്റ്റിലെ ഇപ്പോഴത്തെ പാരിസൺ എസ്റ്റേറ്റിൽ അവസാനിക്കും വിധമായിരുന്നു നിർമാണം. പീരുമേട്, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ വളഞ്ഞങ്ങാനം, മേക്കുന്ന്, അഴങ്ങാട്, ചുഴുപ്, പെരുവന്താനം, മേലോരംവഴി മുണ്ടക്കയത്തെ എസ്റ്റേറ്റിലെത്തും. ഇന്നതിന്റെ ഓർമയെന്നൊണം അവശേഷിക്കുന്നത്‌ തൂണുകൾ മാത്രം. കുട്ടിക്കാനത്തെ പഴയ കുതിരാലയത്തിലെ കെട്ടിടത്തിന്റെ സമീപത്തുനിന്നായിരുന്നു തുടക്കം. ഇവിടെ ആദ്യ നാല് കോൺക്രീറ്റ് തൂണുകളും മുണ്ടക്കയം എസ്‌റ്റേറ്റിലെ ഡിപോൾ പള്ളി സ്കൂളിന് സമീപം അവസാന തൂണുകളും. 
നേരത്തെ തലച്ചുമടായാണ്‌ സാധനങ്ങൾ എത്തിച്ചിരുന്നത്. പാത നിർമിച്ചതോടെ കാളവണ്ടി ഓടിത്തുടങ്ങിയെങ്കിലും കാളകൾക്ക് തീറ്റയും വെള്ളവും നൽകാത്തതിൽ പ്രതിഷേധിച്ച് 1912ൽ തൊഴിലാളികൾ പണിമുടക്കി. ചരക്കെത്തിക്കാൻ ബദൽമാർഗം ബ്രിട്ടീഷുകാർ ആലോചിച്ചു. 
ചുമതലക്കാരൻ റിച്ചാർഡ്സൺ ഇംഗ്ലണ്ടിൽനിന്ന് കപ്പൽമാർഗം മൂന്നു ലോറികൾ മുണ്ടക്കയത്തെത്തിച്ചു. എന്നാൽ കാളവണ്ടിപ്പാതയിലൂടെ ലോറികൾക്ക് ചുരം കയറാനാകാത്തതിനാൽ റോപ്‌വേ നിർമിക്കുകയായിരുന്നു.
റോപ്‌വേ സർവേ നടന്ന 1914ൽ ഒന്നാം ലോകയുദ്ധം തുടങ്ങി. നിർമാണ സാമഗ്രികളുമായി വന്ന കപ്പൽ 1916ൽ കടലിൽ തകർക്കപ്പെട്ടു. എട്ടുവർഷത്തിനുശേഷം മുണ്ടക്കയം 35-ാം മൈലിൽനിന്ന് കുട്ടിക്കാനത്തേക്ക്‌ കോട്ടയം-–കുമളി റോഡിന് സമാന്തരമായി അഞ്ചരമൈൽ ദൂരത്തിൽ റോപ്‌വേ നിർമിച്ചു. 
 രണ്ട് എൻജിൻ ഉപയോഗിച്ച് ഇരുമ്പുവടത്തിലാണ്‌ ഉറപ്പിച്ചത്. തുടർച്ചയായ പ്രകൃതിക്ഷോഭത്തിൽ ടവറുകൾ തകരാറിലായി. ഇരുമ്പ് വടം പൊട്ടി മരണംവരെ സംഭവിച്ചു. റോപ്പുകൾ പൊട്ടുന്നത്‌ പതിവായതോടെ ചരക്കുനീക്കം ദുഷ്‌കരമായി. കെകെ റോഡ് നിർമാണം പൂർത്തിയായതോടെ റോപ്‌വേ പൂർണമായി ഉപേക്ഷിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top