കോട്ടയം
പൂത്തുമ്പികളും ശലഭങ്ങളും ചെറുകിളികളും ജീവികളും അവയ്‌ക്കെല്ലാം തണലും കൂടുമൊരുക്കുന്ന പച്ചക്കൂടാരം. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ച് സംരക്ഷിക്കുന്ന പച്ചത്തുരുത്ത് പദ്ധതി ജില്ലയിൽ 13 ഏക്കറിൽ. വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി ഇതുവരെ ഒരുക്കിയത് 148 പച്ചത്തുരുത്തുകൾ. പതിനൊന്ന് ബ്ലോക്ക് പരിധികളിൽ ഓരോ മാതൃകാ തുരുത്തുകളും മികച്ചരീതിയിൽ പരിപാലിക്കുന്നു.
പള്ളം ബ്ലോക്കിൽ 18 സെന്റിലാണ് മാതൃകാ പച്ചത്തുരുത്ത്. നാൽപ്പതിലേറെ തൈകൾ ഇവിടുണ്ട്. ഏറ്റുമാനൂരിൽ സെന്റ് മാർഗരറ്റ് യുപി സ്‌കൂളിലാണ്. അമ്പതോളം ചെടികളുണ്ട്. പാമ്പാടിയിൽ മീനടം പഞ്ചായത്തിലെ സ്പിന്നിങ് മില്ലിൽ 30 സെന്റിൽ 45 മരങ്ങൾ. ളാലത്ത് പാറപ്പള്ളി ഗവ. എൽപി സ്കൂളിൽ 20 സെന്റിലാണ് ഫലമരങ്ങൾ. ഈരാറ്റുപേട്ടയിൽ ഹരിതകേരളം മിഷൻ ഹരിത കാമ്പസായി പ്രഖ്യാപിച്ച അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ മരങ്ങൾ വളരുന്നു. ഉഴവൂരിൽ പുതുവേലി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 20 സെന്റിൽ 30തോളം ചെടികൾ. വൈക്കത്ത് വെച്ചൂർ ഗവ. എച്ച്‌എസ്‌എസിലും കാഞ്ഞിരപ്പള്ളിയിൽ 14, 15 വാർഡുകളിലും മാടപ്പള്ളിയിൽ ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലുമാണ് പച്ചത്തുരുത്തുകൾ.
പേര, റംബുട്ടാൻ, -ഇലഞ്ഞി, പ്ലാവ്, രക്തചന്ദനം, ഞാവൽ, വേപ്പ്, നെല്ലി, മാവ്, മണിമരുത് തുടങ്ങിയ നിരവധി ഔഷധ–-ഫല, സസ്യങ്ങളും തണൽമരങ്ങളും. ചെറുജീവികളും കിളികളും പ്രാണികളും ഒക്കെയടങ്ങുന്ന പുത്തൻ ആവാസവ്യവസ്ഥയായി പച്ചത്തുരുത്തുകൾ മാറി. പൊതുസ്ഥലങ്ങളിലുൾപ്പെടെ തരിശുഭൂമി കണ്ടെത്തി തനതായ മരങ്ങളും തദ്ദേശീയ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് ഹരിതകേരളം മിഷൻ നേതൃത്വം നൽകുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..