കോട്ടയം
കോയമ്പത്തൂരിലേക്ക് പുതിയ ഫാസ്‌റ്റ് പാസഞ്ചർ സർവീസുമായി കെഎസ്‌ആർടിസി. ചങ്ങനാശേരി ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത്. തിങ്കൾ രാവിലെ 7.25ന് ചങ്ങനാശേരി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിൽ അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്‌തു. മുനിസിപ്പൽ ചെയർപേഴ്‌സൺ കൃഷ്‌ണകുമാരി രാജശേഖരൻ, കൗൺസിലർ ബീനാ ജോബി, കെഎസ്‌ആർടിസി മുൻ ഡയറക്ടർ ബോർഡംഗം സണ്ണി തോമസ്, കോട്ടയം ഡിടിഒ പി അനിൽകുമാർ, ചങ്ങനാശേരി എടിഒ എസ് രമേശ് എന്നിവർ സംസാരിച്ചു. കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, ആലത്തൂർ, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, വേലന്താവളം വഴിയാണ് സർവീസ്. ദിവസവും രാവിലെ 7.25ന് ചങ്ങനാശേരിയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 4.30ന് കോയമ്പത്തൂരിൽ എത്തും. തിരികെ വൈകിട്ട് ആറിന് പുറപ്പെട്ട് പുലർച്ചെ 2.40ന് ചങ്ങനാശേരിയിലുമെത്തും. 311 രൂപയാണ് ചങ്ങനാശേരിയിൽനിന്ന് കോയമ്പത്തൂരിനുള്ള ചാർജ്. ചങ്ങനാശേരി ഡിപ്പോയുടെ നാലാമത്തെ അന്തർസംസ്ഥാന സർവീസാണിത്. നിലവിൽ വേളാങ്കണ്ണി, പഴനി, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് ചങ്ങനാശേരിയിൽനിന്ന് സർവീസ് നടത്തുന്നുണ്ട്. ചേർത്തലയിൽനിന്ന് വൈക്കം, കോട്ടയം, കുമളി വഴി പഴനിക്കും കെഎസ്‌ആർടിസി സർവീസ് ഉടൻ ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..