പാലാ
എംജി യൂണിവേഴ്‌സിറ്റി ഇന്റർ കൊളീജിയറ്റ് നീന്തൽ, വാട്ടർ പോളോ ചാമ്പ്യൻഷിപ്പ് മത്സരം പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് നീന്തൽ കുളത്തിൽ ആരംഭിച്ചു. ആദ്യദിനം പൂർത്തിയാക്കിയ മത്സരങ്ങളിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജാണ് പുരുഷ – വനിതാ വിഭാഗങ്ങളിൽ മുന്നിൽ.
പുരുഷ വിഭാഗത്തിൽ 61 പോയിന്റും വനിതാ വിഭാഗത്തിൽ 58 പോയിന്റും വീതം നേടിയാണ് എംഎ കോളേജിന്റെ മുന്നേറ്റം. പുരുഷവിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 37 പോയിന്റുമായും വനിതാവിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 36 പോയിന്റുമായും രണ്ടാം സ്ഥാനത്തുണ്ട്. വനിതാ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് ആണ് മൂന്നാം സ്ഥാനത്ത്. എംജി സർവകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള എംജി പുരുഷ, വനിത ടീമുകളെയും പുരുഷ വിഭാഗം വാട്ടർ പോളോ ടീമിനെയും വിജയികളിൽനിന്ന് തെരഞ്ഞെടുക്കും.
പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കാപ്പിലിപറമ്പിൽ, കായികവകുപ്പ് മേധാവി ആശിഷ് ജോസഫ് എന്നിവർ സംസാരിച്ചു. മത്സരം ചൊവ്വാഴ്ച സമാപിക്കും.
മത്സര വിജയികൾ(പുരുഷവിഭാഗം)
1500 മീറ്റർ ഫ്രീസ്റ്റൈൽ: മാധവ് കെ ജിത്ത്(എംഎ കോളേജ്), 200 മീറ്റർ ബാക്ക് സ്ട്രോക്ക്: അരുൺ ജെ തോമസ്(എംഎ കോളേജ്), 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്: ജോജിമോൻ(സെന്റ് തോമസ് കോളേജ് പാലാ), 200 മീറ്റർ ബട്ടർഫ്ലൈ: സമ്പത്ത് എൻ രാജ്(എംഎ കോളേജ്), 4 x 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ: എംഎ കോളേജ് കോതമംഗലം.
വനിതകൾ
800 മീറ്റർ ഫ്രീസ്റ്റൈൽ: ആർ നിർമ്മല(എംഎ കോളേജ്),
200 മീറ്റർ ബാക്ക് സ്ട്രോക്ക്: സാനിയ സജി(സെന്റ് തോമസ് കോളേജ് പാലാ), 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്: ബി ശാലു(എംഎ കോളേജ്), 200 മീറ്റർ ബട്ടർഫ്ലൈ: എസ് ഹരിപ്രിയ (അൽഫോൻസാ കോളേജ് പാലാ),
4 x 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ: എംഎ കോളേജ് കോതമംഗലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..