കോട്ടയം
റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടം തുറക്കുമ്പോൾ, വികസനപദ്ധതികൾക്ക് ചുക്കാൻപിടിച്ചയാൾക്ക് അവഗണന. ചൊവ്വാഴ്‌ച നടന്ന രണ്ടാം കവാടം ഉദ്‌ഘാടന ചടങ്ങിലേക്ക് മുൻ എംപി തോമസ് ചാഴികാടനെ ക്ഷണിച്ചില്ല. റെയിൽവേ അധികൃതരുടെ പിന്നാലെ നടന്ന് സ്‌റ്റേഷനിലെ വികസനപ്രവർത്തനങ്ങൾക്ക് വേഗംകൂട്ടിയ മുൻ എംപിയെ അവഗണിച്ചത് പൊതുസമൂഹത്തിലും സാമൂഹ്യമാധ്യമത്തിലും പ്രതിഷേധത്തിനിടയാക്കി.
തോമസ് ചാഴികാടൻ എംപിയായിരിക്കെയാണ് കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം കവാടത്തിന്റെ നിർമാണത്തിന് തുടക്കമിട്ടത്. നിർമാണത്തിന്റെ വിവിധഘട്ടങ്ങളിൽ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തി. നിർമാണ പൂർത്തീകരണത്തിനായി റെയിൽവേ അധികൃതരുമായി ചാഴികാടൻ നിരന്തരം ബന്ധപ്പെട്ടു. എന്നിട്ടും ഉദ്‌ഘാടനത്തിന് മാത്രം ക്ഷണം ലഭിച്ചില്ല. അഡ്വ. കെ സുരേഷ്‌കുറുപ്പും ജോസ് കെ മാണിയും എംപി ആയിരുന്നപ്പോഴും എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിലും നിരവധി വികസനപ്രവർത്തനങ്ങൾ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ചാഴികാടനും കോടികളുടെ പദ്ധതികൾ ഏറ്റെടുത്തു. എന്നാൽ അതിന്റെയെല്ലാം ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കാൻ ശ്രമിക്കുമ്പോൾ അതിന് കുടപിടിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
രണ്ടാം കവാടം ഉദ്‌ഘാടനംചെയ്യുന്ന കാര്യം മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞെന്നും, സന്തോഷമുണ്ടെന്നും തോമസ് ചാഴികാടൻ ഫേസ്‌ബുക്കിൽ കുറിച്ചു. ""കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ സമഗ്രവികസനത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. രണ്ടാം കവാടത്തോടുചേർന്നുള്ള പാർക്കിങ് സൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും എത്രയും വേഗം റെയിൽവേക്ക് പൂർത്തിയാക്കാൻ കഴിയട്ടെ.'' –- ചാഴികാടൻ കുറിച്ചു. കുറിപ്പിന് താഴെ ചാഴികാടന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അവഗണിച്ചവർക്ക് രൂക്ഷമായ വിമർശനവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..