കോട്ടയം
നിരവധി ജനങ്ങൾ ആശ്രയിക്കുന്ന കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ രണ്ടാം കവാടത്തിലെ ടിക്കറ്റ് ബുക്കിങ് കൗണ്ടറും എസ്‌കലേറ്ററും തുറന്നു നൽകി. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. കെ ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്‌റ്റ്യൻ, ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ലയാൽ, സ്‌റ്റേഷൻ മാസ്‌റ്റർ പി വി ജയകുമാർ, ഇലക്‌ട്രിക്കൽ എൻജിനിയർ കെ എൻ ശ്രീരാജ് എന്നിവർ സംസാരിച്ചു. നാഗമ്പടം–- ഗുഡ്‌സ്‌ഷെഡ് റോഡിൽ സ്ഥിതി ചെയ്യുന്ന രണ്ടാം കവാടം യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് എളുപ്പത്തിൽ സ്‌റ്റേഷനിൽ കയറാനാകും. മുമ്പ് സ്‌റ്റേഡിയം ചുറ്റി ബസ് സ്‌റ്റാൻഡിനു മുമ്പിലൂടെ മാത്രമേ സ്‌റ്റേഷനിൽ എത്താൻ കഴിയുമായിരുന്നുള്ളൂ.
രണ്ടാം കവാടം യാഥാർഥ്യമാവുന്നതോടെ ഇപ്പോൾ ഒന്നാം കവാടത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ തിരക്കിന് അയവുണ്ടാവും. ശബരിമല സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന വലിയ തിരക്ക് കൂടി എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. മുമ്പ് ശബരിമല സീസൺ സമയത്തുൾപ്പെടെ ടിക്കറ്റ് എടുക്കാൻ മണിക്കൂറുകൾ ക്യൂ നിൽക്കണമായിരുന്നു. മാത്രമല്ല ഒന്നാം കവാടത്തിൽ സ്ഥലപരിമിതിയുമുണ്ടായിരുന്നു. പലപ്പോഴും യാത്രക്കാർ ഇവിടെ തിങ്ങിനിറഞ്ഞാണ് നിന്നിരുന്നത്. രണ്ടാം കവാടം തുറന്നുനൽകിയതോടെ ഇതിനെല്ലാമാണ് പരിഹാരമായത്. റെയിൽവേ സ്‌റ്റേഷനിലേക്കുള്ള വാഹനങ്ങളുടെ ബാഹുല്യവും യാത്രക്കാരുടെ തിരക്കും മൂലം നാഗമ്പടം മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡിനു മുന്നിലുണ്ടാകുന്ന ഗതാഗതകുരുക്കും ഒഴിവാകും.
ജോസ് കെ മാണി ലോക്‌സഭാംഗായിരുന്ന കാലത്താണ് രണ്ടാം കവാടത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്. തോമസ് ചാഴികാടൻ എംപിയായിരിക്കെ 2022ലാണ് കവാടത്തിന്റെ നിർമാണം തുടങ്ങിയത്. കവാടം പൂർണ തോതിൽ സജ്ജമായിട്ടില്ല. ശേഷിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..