കോട്ടയം
തട്ടിക്കൂട്ടി പെയിന്റുമടിച്ച് സീറ്റ് കവറുമിട്ട് ബസുകൾ പുതുക്കിയിറക്കുന്ന കാലമൊക്കെ കഴിഞ്ഞു. പുതിയ ബസുകളോട് കിടപിടിക്കുന്ന, ചിലപ്പോൾ അതിനെയും കടത്തിവെട്ടുന്ന നവീകരണമാണ് ഇപ്പോൾ കെഎസ്‌ആർടിസിയിൽ നടക്കുന്നത്. ആദ്യ ഘട്ടമായി തങ്ങളുടെ അഭിമാന സർവീസായ ‘മിന്നൽ സൂപ്പർ എയർ ഡീലക്സ് ’ കെഎസ്‌ആർടിസി നവീകരിക്കുകയാണ്. കോട്ടയം–-കാസർകോട് റൂട്ടിൽ സർവീസ് നടത്തുന്ന മിന്നൽ പുതുക്കി നിരത്തിലിറക്കി.
ബസുകളുടെ വശങ്ങളിൽ പാകിയിരിക്കുന്ന ഷീറ്റുകൾ, മുൻവശത്തെ ഉൾപ്പെടെ പ്രധാന ചില്ലുകൾ തുടങ്ങിയവ മാറ്റി പുതിയത് സ്ഥാപിച്ചു. വയറിങ്, ബാറ്ററി, എൻജിൻ, ഗിയർബോക്‌സ്, ലൈറ്റുകൾ, ബ്രേക്ക് സംവിധാനം തുടങ്ങിയ മുഴുവൻ മെക്കാനിക്കൽ സംവിധാനങ്ങളുടെയും നവീകരണം, സീറ്റുകളുടെ കുഷ്യനും കൈത്താങ്ങിയും മറ്റും പുതുക്കൽ, കർട്ടൻ സ്ഥാപിക്കൽ, മ്യൂസിക്ക് സിസ്റ്റം സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും പൂർത്തീകരിച്ചാണ് ബസുകൾ പുതുക്കുന്നത്. മിന്നലുകളുടെ നവീകരണം പൂർത്തിയായ ശേഷം, സൂപ്പർ ഡീലക്‌സ്, സ്‌കാനിയ, വോൾവോ, സൂപ്പർ ഫാസ്‌റ്റ് തുടങ്ങിയവും നവീകരിക്കാൻ കോർപറേഷൻ ലക്ഷ്യമിടുന്നു.
മികച്ച പ്രതികരണമാണ് യാത്രക്കാരിൽനിന്നും ലഭിക്കുന്നത്. പുതിയ ബസുകളിലെ പോലെ മികച്ച യാത്രാസുഖവും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നതിനാൽ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കോട്ടയം–-കാസർകോട് മിന്നലിന് നിരവധി സ്ഥിരം യാത്രക്കാരുണ്ട്.
ദിവസേന സർവീസ് നടത്തുന്ന ഈ ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്യുന്നത് കാസർകോട് ഡിപ്പോയാണ്. പാലാ–-കാസർകോട് സർവീസ് നടത്തുന്ന മിന്നൽ ബസുകളുടെ നവീകരണം ആലുവ റീജിയണൽ വർക്‌ഷോപ്പിൽ പുരോഗമിക്കുന്നു. ഇതുൾപ്പെടെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ മിന്നൽ ബസുകളും നവീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..