18 September Wednesday

യെച്ചൂരി കോട്ടയത്തിനും ആവേശം

പ്രത്യേക ലേഖകൻUpdated: Friday Sep 13, 2024
കോട്ടയം
പൊടുന്നനെ വിട്ടുപിരിഞ്ഞ സീതാറാം യെച്ചൂരി കോട്ടയത്തിനും അപരിചിതനല്ല. 1970ലെ എസ്‌എഫ്‌ഐ കാലം മുതൽ കോട്ടയത്തെത്തിയിരുന്ന ദേശീയ ഇടതുപക്ഷ നേതാക്കളിൽ പ്രധാനിയായിരുന്നു. 
സിപിഎ എം പൊളിറ്റ്‌ബ്യൂറോ അംഗമെന്ന നിലയിലും ജനറൽ സെക്രട്ടറിയായും നിരവധി വട്ടം കോട്ടയത്തെത്തി. പല വേദികളിലും പലഘട്ടങ്ങളിലും പ്രഭാഷകനായും പ്രചാരകനായും അദ്ദേഹം നിറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിൽ 2021 മാർച്ച്‌ 25നായിരുന്നു ജില്ലയിലെത്തിയത്‌. കോട്ടയം പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനി, കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പെരുവ, വാഴൂർ എന്നിവിടങ്ങളിലടക്കം പൊതുയോഗങ്ങളിൽ സംസാരിച്ചു. അതിനുമുമ്പ്‌ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ ഏപ്രിൽ രണ്ടിന്‌ ജില്ലയിലെത്തി. വൈക്കത്തെ പൊതുയോഗത്തിൽ സംസാരിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വേളയിൽ തൊടുപുഴയിൽനിന്ന്‌ റാന്നിയിലേക്കുള്ള യാത്രയിൽ പാലാ അരുണാപുരം റസ്‌റ്റ്‌ ഹൗസിലെത്തി പ്രവർത്തകരുമായി ആശയവിനിമയം നടത്തി.
1998ൽ കോട്ടയം ആതിഥ്യമരുളിയ സിപിഐ എം സംസ്ഥാന സമ്മേളന സെമിനാറിലും പ്രഭാഷകനായി. 
രാമജന്മഭൂമി കാമ്പയിനുമായി സംഘപരിവാർ രംഗത്തിറങ്ങിയപ്പോൾ അതിനെതിരെ പ്രതിരോധം തീർക്കാനും അദ്ദേഹം ജില്ലയിലെത്തിയിരുന്നു. 1990കളുടെ തുടക്കത്തിൽ പാലായിൽ നടന്ന ഉജ്വലമായ മതനിരപേക്ഷ സെമിനാറിലും മുഖ്യപ്രഭാഷകനായി. വൈക്കം സത്യഗ്രഹത്തിന്റെ 75–-ാം വാർഷിക സമയത്ത്‌ 1999ൽ തിരുവാർപ്പിൽനിന്ന്‌ തുടങ്ങിയ ദീപശിഖാ റാലി ഉദ്‌ഘാടനം ചെയ്‌തതും യെച്ചൂരിയായിരുന്നു. ദശാബദ്ങ്ങളായി ജില്ലയിലെ ഇടതുപക്ഷ മനസ്സുകൾക്ക്‌ യെച്ചൂരിയുടെ സാന്നിധ്യവും ശബ്ദവും ഊർജം പകർന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top