കോട്ടയം
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്നും ഗ്രാമസഭകളിലും അയൽകൂട്ടങ്ങളിലുമെല്ലാം വിഷയം ചർച്ചചെയ്യുന്ന സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ പ്രസിൽ’ സംസാരിക്കുകയായിരുന്നു എസ്‌പി.
ജനപ്രതിനിധികൾ ഉന്നയിക്കുന്ന നിയമപരമായ ആവശ്യങ്ങൾ രാഷ്ട്രീയസമ്മർദമായി കാണേണ്ടതില്ല. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അവയ്‌ക്ക് നിയമപരമായി പരിഹാരം കാണേണ്ടതുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭയുടെ പെൻഷൻഫണ്ടിൽനിന്ന് കോടികൾ തട്ടിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
തിരുവോണനാളിൽ സ്‌റ്റേഷൻ പരിധിയിലുള്ള ജില്ലയിലെ പൊലീസുകാർക്ക് വീട്ടിൽ പോയി സദ്യകഴിക്കാനുള്ള സാഹചര്യം ഒരുക്കും. ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. വിവാദങ്ങളൊന്നും ജില്ലയിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നില്ല.
ലഹരിക്കെതിരെ കർശന നടപടികളുണ്ടാകും. പൊതുജനത്തിന് എപ്പോഴും പൊലീസ് സ്റ്റേഷനിൽ എത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയാൻ ഉടപെടലുണ്ടാകുമെന്നും എസ്‌പി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..