13 December Friday

വീരവണക്കം

സ്വന്തം ലേഖകൻUpdated: Friday Dec 13, 2024

പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി 
എം കെ സ്റ്റാലിൻ കുമരകത്തെ ലേക്ക് റിസോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ 
ഷാൾ അണിയിക്കുന്നു

വൈക്കം
അയിത്തത്തിനെതിരെ രാജ്യത്തിന്‌ വഴികാട്ടിയ വൈക്കത്തിന്റെ മണ്ണ്‌ വ്യാഴാഴ്ച രാവിലെ മുതൽ ആയിരങ്ങളാൽ നിറഞ്ഞിരുന്നു. വേമ്പനാട്ട്‌ കായൽ തീരത്തേക്ക്‌ പുഴപോലെ ജനങ്ങൾ ഒഴുകിയെത്തി. ചരിത്രത്തിന്റെ താളുകളിൽ കുറിച്ചിടുന്ന നവീകരിച്ച തന്തൈപെരിയാർ സ്‌മാരകത്തിന്റെയും ഗ്രന്ഥശാലയുടെയും ഉദ്‌ഘാടനദിനം അക്ഷരാർഥത്തിൽ വൈക്കത്തിന്‌ ആഘോഷമായിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളുടെ സംഗമവേദി കൂടിയാവുകയായിരുന്നു സത്യഗ്രഹ ഭൂമി. 
രാവിലെ പത്തോടെ വൈക്കം തന്തൈപെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാടിന്‌ സമർപ്പിച്ചു. രണ്ട്‌ സംസ്ഥാനങ്ങളിലെയും മന്ത്രിമാരടക്കമുള്ള നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷിനിർത്തിയായിരുന്നു ചടങ്ങ്‌. മ്യൂസിയത്തിലും ഗ്രന്ഥശാലയിലും സ്ഥാപിച്ച ചരിത്രമുഹൂർത്തങ്ങൾ ഇരുവരും വീക്ഷിച്ചു. രണ്ട്‌ മുഖ്യമന്ത്രിമാരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ഗ്രന്ഥശാലയിൽ സ്ഥാപിച്ചിരുന്നു. മന്ദിര ഉദ്ഘാടനശേഷം സ്‌മാരകത്തിന്‌ മുന്നിലെ റോഡിന്റെയും വടക്കേനട റോഡിന്റെയും ഇരുവശത്തും തടിച്ചുകൂടിയവരെ സ്റ്റാലിൻ അഭിവാദ്യംചെയ്തു. 30 മീറ്ററോളം നടന്ന സ്റ്റാലിന്‌ പുസ്‌തകങ്ങളും പൂവുകളും ജനങ്ങൾ ഉപഹാരമായി നൽകി. തുടർന്ന്‌ വൈക്കം ബീച്ചിൽ നടന്ന മഹാസമ്മേളനത്തിൽ എത്തിയ ഇരുമുഖ്യമന്ത്രിമാരെയും വൻ കരഘോഷത്തോടെയാണ് ജനങ്ങൾ വരവേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരെയും കലക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും എം കെ സ്റ്റാലിനും തമിഴ്‌നാട്‌ മന്ത്രിമാരും ചേർന്ന്‌ ആദരിച്ചു. 
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം വൈക്കത്ത് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ച 8.14 കോടി രൂപ ഉപയോഗിച്ചാണ്‌ സ്‌മാരകം നവീകരിച്ചത്‌. ഇരുസംസ്ഥാനത്ത്‌ നിന്നുമായി ആയിരക്കണക്കിന്‌ പേരാണ്‌ പരിപാടിക്കായി എത്തിയത്‌. തമിഴ്‌നാട്ടിൽനിന്ന്‌ മാത്രം 140ഓളം ബസുകളിലാണ്‌ ആൾക്കാർ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്‌. ചടങ്ങിൽ കലക്ടർ ജോൺ വി സാമുവൽ, പിഡബ്ല്യുഡി സെക്രട്ടറി മാങ്കത്രം ശർമ, സബ് കലക്ടർ ഡി രഞ്ജിത്ത്, എഡിഎം ബീന പി ആനന്ദ്, വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ്, നഗരസഭാംഗം ബി രാജശേഖരൻ എന്നിവർ പങ്കെടുത്തു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top